ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ പൂപ്പാറക്ക് സമീപം കാട്ടാന ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം നാലംഗ സംഘം സഞ്ചരിച്ചിരുന്ന കാര്‍ കാട്ടാന ആക്രമിച്ചു. തലനാരിഴയ്ക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്നും യുവാക്കള്‍ രക്ഷപ്പെട്ടത് . വാഹനത്തിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുന്നതിനിടയില്‍ യാത്രക്കാര്‍ക്ക് വീണ് പരിക്കേറ്റിട്ടുണ്ട്. ഈ മേഖലയില്‍ ഇതിനുമുമ്പും സമാന സംഭവങ്ങള്‍ നടന്നിരുന്നു. എസ്റ്റേറ്റ് വാച്ചര്‍ കാട്ടാനയുടെ അക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു.
പൂപ്പാറ, ആനയിറങ്കൽ മേഖലകൾ കാട്ടാനകള്‍ താവളമാക്കിയിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. രാത്രികാലങ്ങളില്‍ ഇതുവഴി വാഹന യാത്ര ദുഷ്‌കരമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആനയിറങ്കലില്‍ പോയി മടങ്ങിവന്ന യുവാക്കള്‍ സഞ്ചരിച്ച കാറാണ് കാട്ടാന ആക്രമിച്ചത്. സമീപത്ത് നിന്നിരുന്ന മരം മറിച്ചിട്ട് കാട്ടാന കാറിന് നേരെ അടുക്കുകയായിരുന്നു. എസ്റ്റേറ്റ് പൂപ്പാറ സ്വദേശികളായ ബോബറ്റോ, ഗോഡ്‌സൺ, അനൂപ് കുര്യൻ, ബിറ്റോ ബെന്നി എന്നിവരാണ് കാറിലുണ്ടായിരുന്നത്. ജീവന്‍ തിരിച്ച് കിട്ടിയെങ്കിലും അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിന്‍റെ ഞെട്ടലിലാണ് യുവാക്കൾ. ജനങ്ങളെുടെ ജീവന് ഭീക്ഷണിയായി മാറിയിരിക്കുന്ന അക്രമകാരികളായ കാട്ടാനകളെ തുരത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.