ഇടുക്കി : തോണ്ടിമല പന്നിയാര്‍ എച്ച്എംഎല്‍ എസ്റ്റേറ്റിനുള്ളിലെ റേഷന്‍കടയ്‌ക്ക് നേരെ വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം. 4 ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് അരിക്കൊമ്പന്‍ ഈ റേഷന്‍ കട തകര്‍ക്കുന്നത്. ഇതോടെ റേഷൻകട തൽക്കാലത്തേക്ക് പന്നിയാര്‍ എസ്റ്റേറ്റിലെ തൊഴിലാളി ലയത്തിനുള്ളിലെ മുറിയിലേക്ക് മാറ്റാൻ തീരുമാനമെടുത്തു.
സ്ഥിരമായി കാട്ടാന ആക്രമണമുണ്ടാകുന്ന അടച്ചുറപ്പില്ലാത്ത കെട്ടിടത്തിൽ ഇനിയും റേഷന്‍കട നടത്താന്‍ കഴിയില്ലെന്ന് ഉടമ നിലപാടെടുക്കുകയായിരുന്നു. ഇതിനെ തുടർന്ന്, ജനപ്രതിനിധികളും കമ്പനി അധികൃതരും സിവില്‍ സപ്ലെെസ് അധികൃതരും ചര്‍ച്ച നടത്തിയ ശേഷം റേഷന്‍കട തല്‍ക്കാലത്തേക്ക് മാറ്റി സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു.
1966 മുതല്‍ പന്നിയാറില്‍ റേഷന്‍കട പ്രവര്‍ത്തിക്കുന്നത് സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച കെട്ടിടത്തിലാണ്. കല്ലും മണ്ണും കൊണ്ട് നിര്‍മിച്ച്, തകര ഷീറ്റ് മേഞ്ഞ ഈ കെട്ടിടം ഒറ്റയാന്‍റെ ആക്രമണത്തിൽ പല തവണ തകർന്നിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
15 മാസത്തിനിടെ 10 തവണയെങ്കിലും കടയുടെ മേല്‍ക്കൂരയും ഭിത്തിയും തകര്‍ത്ത് കൊമ്പന്‍ അരിയും ആട്ടയും വലിച്ചുപുറത്തിട്ട് തിന്നുവെന്ന് ഉടമ പി എല്‍ ആന്‍റണി പറയുന്നു. ഒറ്റയാന്‍ കൊണ്ട് പോകുന്ന അരിയും ആട്ടയും സ്റ്റോക്കില്‍ കുറച്ച് തരുന്നുണ്ടെങ്കിലും ജീവന്‍ പണയം വച്ചാണ് കടയില്‍ ഇരിക്കുന്നതെന്നും ആന്‍റണി കൂട്ടിച്ചേർത്തു. ഓരോ തവണയും കട തകര്‍ക്കുമ്പോള്‍ വീണ്ടും കല്ലും മണ്ണും തേച്ച് ഭിത്തി പുനര്‍നിര്‍മിക്കുകയാണ് പതിവ്.
എന്നാല്‍ ഇനിയും പൊതുജനങ്ങള്‍ക്കുള്ള ഭക്ഷ്യ വസ്‌തുക്കള്‍ കാട്ടുകൊമ്പന് നല്‍കാന്‍ തയാറല്ലെന്ന് സിവില്‍ സപ്ലെെസ് അധികൃതര്‍ കര്‍ശന നിലപാടെടുത്തു. പുതിയ കട നിര്‍മിച്ചുനല്‍കാന്‍ കമ്പനി തയാറാകണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. സ്ഥലം വിട്ടുനല്‍കിയാല്‍ കെട്ടിടം നിര്‍മിക്കാന്‍ തയാറാണെന്ന് ശാന്തന്‍പാറ പഞ്ചായത്തും വ്യക്തമാക്കിയിരുന്നു. എന്നാല്‍, കമ്പനി ഇതിനും തയാറല്ല.
കട മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ കമ്പനിയും പ്രാദേശിക തൊഴിലാളി യൂണിയന്‍ നേതാക്കളും സമ്മതിക്കുന്നില്ല. 505 കാര്‍ഡ് ഉടമകളാണ് ആകെ ഇവിടെയുള്ളത്. ഇതില്‍ 170 പേര്‍ താമസിക്കുന്നത് പന്നിയാറിലും മറ്റുള്ളവര്‍ തോണ്ടിമല, ബോഡിമെട്ട്, ബിഎല്‍ റാം, ചൂണ്ടല്‍, കോഴിപ്പനക്കുടി എന്നിവിടങ്ങളിലുമാണ്. തങ്ങള്‍ക്കുള്ള റേഷന്‍ സൂക്ഷിക്കുന്നതിന് അടച്ചുറപ്പുള്ള മുറി ഒരുക്കുക എന്നതാണ് കാര്‍ഡ് ഉടമകളുടെ ആവശ്യം.