ഇടുക്കി: 19 വര്‍ഷത്തിനുശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വൈദ്യുതി എത്തുന്നു. ഭൂമിക്കടിയിലൂടെ കേബിള്‍ വലിച്ച് വൈദ്യുതി എത്തിക്കുന്നതിനുള്ള ജോലികള്‍ കെ.എസ്.ഇ.ബി.യുടെ നേതൃത്വത്തില്‍ ആരംഭിച്ചു. 1.65 കോടി രൂപ മുതല്‍മുടക്കില്‍ ആറ് കിലോമീറ്ററോളം ഭൂമിക്കടിയിലൂടെ കേബിള്‍ സ്ഥാപിച്ചാണ് വൈദ്യുതി എത്തിക്കുന്നത്.
കേബിള്‍ വഴി കണക്ഷന്‍ ആവശ്യപ്പെട്ട് തമിഴ്‌നാട് കെ.എസ്.ഇ.ബി യില്‍ ഒരു കോടി രൂപ അടച്ചിരുന്നു. എന്നാല്‍, വനം വകുപ്പ് അനുമതി ഇപ്പോഴാണ് ലഭിച്ചത്. 2021 ജനുവരിയില്‍ പണികള്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി. വണ്ടിപ്പെരിയാര്‍ വള്ളക്കടവില്‍നിന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റ് വന്യമൃഗങ്ങള്‍ ചാകുന്നത് പതിവായതോടെ 2001-ലാണ് വനം വകുപ്പ് ഇടപെട്ട് വൈദ്യുതിബന്ധം വിച്ഛേദിച്ചത്. കോതമംഗലം ആസ്ഥാനമായ കെഎംഎ പവര്‍ടെക് എന്ന സ്ഥാപനമാണ് കരാറുകാര്‍.