ഇടുക്കി: വൃദ്ധ മാതാവിനെ സ്വന്തം വീട്ടില്‍ കയറാന്‍ മകന്‍ അനുവദിക്കുന്നില്ലെന്ന് പരാതി. ദേവികുളം കുരിശുമൂട്ടില്‍ മേരിദാസാണ്(83) പരാതിക്കാരി. മകന്‍റെ ക്ലമന്‍റിന്‍റെ മര്‍ദനവും ക്രൂര പീഡനവും ഭയന്ന് സ്വന്തം വീട്ടിലേയ്ക്ക് കയറിചെല്ലാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇവർ. വനിത കമ്മീഷനും ജില്ലാ കളക്ടര്‍ക്കുമടക്കം പരാതി നല്‍കിയിട്ടും പ്രശ്നപരിഹാരമായില്ലെന്നും ഇവർ പറയുന്നു.വാര്‍ധക്യ സഹജമായ രോഗങ്ങളുള്ള മേരിയമ്മയിപ്പോള്‍ മകള്‍ക്കൊപ്പമാണ് കഴിയുന്നത്.
നാല്‍പ്പത്തിയേഴ് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതിന് ശേഷം ഏറെ ബുദ്ധിമുട്ടിയാണ് മേരി ഏഴുമക്കളെ വളര്‍ത്തിയത്.ഇതില്‍ നാല് പെണ്‍മക്കളേയും വിവാഹം കഴിച്ചയച്ചു.ആണ്‍മക്കളില്‍ ഒരാള്‍ മരിച്ചു.പിന്നീട് ഇളയ മകനായ ക്ലമന്‍റിനും കുടുംബത്തിനുനൊപ്പമാണ് മേരിയമ്മ കഴിഞ്ഞ് വന്നിരുന്നത്. ആകെ സമ്പാദ്യമായ ദേവികുളം ഇരച്ചില്‍പാറയിലെ അഞ്ച് സെന്‍റ് പട്ടയ ഭൂമിയും 5 സെൻ്റ് കൈവശഭൂമിയും വീടും തട്ടിയെടുക്കുന്നതിന് വേണ്ടി മകന്‍ ക്രൂരമായി മർദിച്ച് ഇറക്കിവിട്ടെന്നാണ് ഇവരുടെ പരാതി. തുടർന്ന് കള്ളിമാലിയിലുള്ള കരുണാഭവൻ വൃദ്ധ മന്ദിരത്തിൽ അഭയം തേടി.വൃദ്ധസദനത്തിൽ നടന്ന ഒരു പരിപാടിയുടെ ചിത്രം പത്രത്തില്‍ കണ്ട മകള്‍ മേരിയെ ഒപ്പം കൂട്ടുകയായിരുന്നു. സഹോദരന്‍ അമ്മയെ ക്രൂരമായി മർദിക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്ന് മകള്‍ ഫാത്തിമ പറഞ്ഞു.