ഇടുക്കി: ഏലപ്പാറ പഞ്ചായത്തിനെ സമ്പൂര്‍ണ മാലിന്യ മുക്തമാക്കാന്‍ കര്‍മ നിരതരായി ഹരിതകര്‍മ സേനാംഗങ്ങള്‍. ജൈവ അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്‌കരിച്ച് വളമാക്കി വില്‍പന നടത്തിയും, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഗ്രീന്‍കെയര്‍ കേരളയ്ക്ക് നല്‍കിയും പഞ്ചായത്തിന് മറ്റൊരു വരുമാനം കൂടി നല്‍കുകയാണ് ഹരിത കര്‍മ്മ സേന. ഹരിത ചെക്ക് പോസ്‌റ്റിലെ അംഗങ്ങൾ ഉള്‍പ്പെടെ 32 അംഗങ്ങളാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്.
വാഗമണ്ണും, ഉളുപ്പൂണിയും ഉള്‍പ്പെടുയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളാല്‍ സുന്ദരമായ ഏലപ്പാറ പഞ്ചായത്തിന്‍റെ പ്രധാന വെല്ലുവിളിയായിരുന്നു മാലിന്യ സംസ്‌കരണം. മാലിന്യം വലിയ പ്രതിസന്ധിയായതോടെയാണ് ഇവ സംസ്‌കരിക്കാന്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നത്. വാഗമണ്ണിലേയ്ക്കുള്ള പ്രവേശന കവാടങ്ങളില്‍ ഹരിത ചെക്ക്‌പോസ്റ്റുകള്‍ ആരംഭിച്ചായിരുന്നു പദ്ധതിയ്ക്ക് തുടക്കും കുറിച്ചത്. പിന്നാലെ പഞ്ചായത്തിലെ 17 വാര്‍ഡുകളിൽ നിന്നായി 32 സ്‌ത്രീകളെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കി ഹരിത കര്‍മ്മ സേനയക്ക് രൂപം നല്‍കി.
വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നുമുള്ള ഭക്ഷണ അവശിഷ്ടങ്ങളും ജൈവമാലിന്യങ്ങളും ശേഖരിച്ച് തുമ്പൂര്‍മൂഴി വഴി സംസ്‌കരണം നടത്തി വളമാക്കി വില്‍പന നടത്തുകയാണ് ചെയ്യുന്നത്. വീടുകളില്‍ ശുചീകരിച്ച് സൂക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാസത്തിലൊരിക്കല്‍ ശേഖരിക്കും. ഇതിന് ആളുകളില്‍ നിന്നും ഫീസ് ഈടാക്കും. ഇത് നിറവ് പദ്ധതിയുടെ ഭാഗമായി ഗ്രീന്‍കെയര്‍ കേരള കമ്പനിയ്ക്ക് കൈമാറും. ഹരിത കര്‍മ സേനാംഗങ്ങൾ സേവന സന്നദ്ധരായതോടെ ഏലപ്പാറ പഞ്ചായത്ത് സമ്പൂര്‍ണ മാലിന്യ മുക്തം എന്ന ലക്ഷ്യത്തോട് അടുക്കുകയാണ്.