ഇടുക്കി : ജില്ലയിലെ ഏലമല പ്രദേശം വനംവകുപ്പിന്റെ അധീനതയിലല്ലെന്ന് വ്യക്തമാക്കി സർക്കാർ. ഇതുസംബന്ധിച്ച വനം വകുപ്പിന്‍റെ റിപ്പോർട്ടിലെ വിവാദ ഭാഗങ്ങൾ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. സി.എച്ച്.ആർ പ്രദേശം വനംവകുപ്പിന്റേതാണെന്ന ഉത്തരവിനെതിരെ വിവിധ സംഘടനകൾ പ്രതിഷേധവുമായി എത്തിയതിന് പിന്നാലെയാണ് സർക്കാർ നടപടി.
വനം വന്യജീവി വകുപ്പ് 2018-19ല്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് കോട്ടയം, മൂന്നാര്‍ ഡിവിഷന്‍റെ കീഴില്‍വരുന്ന സി എച്ച് ആര്‍ മേഖല സംരക്ഷിത വനമേഖലയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സി എച്ച് ആർ റവന്യൂ ഭൂമിയാണെന്ന 2018ലെ, സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയായിരുന്നു വനം വകുപ്പിന്‍റെ നടപടി. ഇതിനെതിരെ ഹൈറേഞ്ച് സംരക്ഷണ സമിതി ഉൾപ്പടെയുള്ള സംഘടനകൾ വലിയ പ്രതിഷേധവുമായി രംഗത്തെത്തി.
Also Read: ഇടുക്കിയിൽ മുദ്രപത്രങ്ങള്‍ക്ക് കടുത്ത ക്ഷാമം ; 50,100 രൂപയുടെ പത്രങ്ങള്‍ കിട്ടാനില്ല
ഇതോടെയാണ് റിപ്പോർട്ടിലെ വിവാദ ഭാഗങ്ങൾ റദ്ദാക്കിയത്. ഏലമല പ്രദേശവുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് യാതൊരു ആശങ്കയും വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഏലമല പ്രദേശം റവന്യൂ വകുപ്പിന്റെ അധീനതയിലാണെന്ന് നേരത്തെ തന്നെ സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നതാണ്.
ഇതിനിടെയിലാണ് വനം വകുപ്പ് മറിച്ചുളള റിപ്പോർട്ട് നൽകിയത്. കാലങ്ങളായി സി എച്ച് ആർ പ്രദേശം തങ്ങളുടെ അധീനതയിലാക്കാൻ വനംവകുപ്പ് ശ്രമിക്കുന്നുണ്ട്. പുതിയ റിപ്പോർട്ട് തയ്യാറാക്കിയതും ഈ ലക്ഷ്യത്തോടെയാണെന്ന ആരോപണമാണ് വിവിധ കർഷക സംഘടനകൾ ഉന്നയിക്കുന്നത്.