ഇടുക്കി: കാഴ്‌ചയ്‌ക്ക് ചെറിയൊരു ഉന്തുവണ്ടി, പക്ഷെ കര്‍ഷകര്‍ക്ക് ഇവന്‍ വലിയൊരു കൈതാങ്ങാണ്. ഇടുക്കി കൊച്ചറ സ്വദേശിയായ മനു ജോസഫ് വികസിപ്പിച്ച ഈ ചെറുവാഹനം കൃഷിയിടങ്ങളിലെ ജോലി ഭാരം നന്നേ കുറയ്‌ക്കും.
കുന്നിന്‍ മുകളിലും കുത്തനെ ചെരിഞ്ഞ കൃഷിയിടങ്ങളിലുമൊക്കെ അനായാസം കടന്ന് ചെല്ലും, മനു വികസിപ്പിച്ച എഡ്വിന്‍ അഗ്രോ കാര്‍ട്ട്. ഓട്ടോ മൊബൈല്‍ എഞ്ചിനിയറിങിന് ശേഷം വിദേശത്ത് ജോലി ചെയ്‌തിരുന്ന മനു, കൊവിഡ് കാലത്ത് തിരികെ നാട്ടില്‍ എത്തിയപ്പോഴാണ് കൃഷിയിടത്തിലേക്കുള്ള ചുമട്ടുകാരനെ വികസിപ്പിച്ചത്. ആറ് മാസത്തെ വിവിധ പരീക്ഷണങ്ങള്‍ കൊണ്ടാണ്, വാഹനത്തിന് പൂര്‍ണ രൂപം നല്‍കിയത്.
സ്വന്തം പുരയിടത്തിലെ ജോലിയ്ക്കായി വികസിപ്പിച്ച, ഉപകരണത്തിന് ആവശ്യക്കാരും ഏറെ എത്തി. ചരക്ക് നീക്കത്തിനൊപ്പം, വിളകള്‍ക്ക് മരുന്നും വെള്ളവും തളിക്കുന്നതിനായി മോട്ടോറും ഉപകരണത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. അധികം കായിക അധ്വാനമില്ലാത്ത, അനായാസം പ്രവർത്തിക്കാനാവുന്ന തരത്തിലാണ് ഈ വാഹനത്തിന്‍റെ രൂപകല്‌പന.
പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ വാഹനം കൈകൾകൊണ്ട് നിയന്ത്രിക്കാനാകും. കർഷകന്‍റെ ജോലി ഭാരം കുറയ്‌ക്കുന്നതിനൊപ്പം തൊഴിലാളി ക്ഷാമത്തിനും അമിത വേതനത്തിനുമൊക്കെ പരിഹാരമാണ് ഈ ചെറുവാഹനം.