ഇടുക്കി: രാജകുമാരി പഞ്ചായത്തിലെ മൂന്നാം വാർഡില്‍ ഉൾപ്പെട്ട ആയിരത്തോളം കുടുംബങ്ങളുടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യം ഉയരുന്നു. കോണ്‍ഗ്രസ് നേതൃത്വമാണ് ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. നടപടി സ്വീകരിച്ചില്ലെങ്കില്‍ പഞ്ചായത്തോഫീസ് ഉപരോധമടക്കമുള്ള സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം അറിയിച്ചു.
നിലവിലെ വലിയ രണ്ട് കുളങ്ങള്‍ ഉപയോഗ യോഗ്യമാക്കിയാല്‍ പ്രശ്‌നത്തിന് പരിഹാരം കാണുവാന്‍ കഴിയുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. രാജകുമാരി പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട ഖജനാപ്പാറ ടൗണും പരിസരവും ഉള്‍പ്പെടുന്ന പ്രദേശത്താണ് കുടിവെള്ള പ്രശ്‌നം രൂക്ഷമായിരിക്കുന്നത്. നേരത്തെ മേഖലയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാനായി മൂന്ന് കുടിവെള്ള പദ്ധതികളാണ് നടപ്പിലാക്കിയത്. രണ്ട് വലിയ കുളങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നതില്‍ ആവശ്യത്തിന് വെള്ളമുണ്ട്. ഇതില്‍ ഒന്ന് മാലിന്യം നിറഞ്ഞ് ഉപയോഗ ശൂന്യമായി കിടക്കുകയാണ്. മറ്റൊന്ന് സ്വകാര്യ വ്യക്തി വിട്ടുനല്‍കിയ സ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്നതാണ്. ഇവിടേക്ക് വഴിയില്ലാത്തതിനാല്‍ ഇതും ഉപയോഗിക്കാന്‍ കഴിയില്ല.
മറ്റൊരു പദ്ധതി കുഴല്‍ കിണറുകളാണ്. ഇതിന്‍റെ നടത്തിപ്പിനായി എടുത്തിരിക്കുന്ന കമ്മറ്റി തങ്ങള്‍ക്ക് താല്‍പര്യമുള്ളവര്‍ക്ക് മാത്രമേ വെള്ളം നല്‍കുന്നുള്ളു എന്നും ആഴ്ചയില്‍ രണ്ട് ദിവസം പോലും വെള്ളം കിട്ടാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ പറയുന്നു. കുടിവെള്ള വിതരണത്തിന് നേതൃത്വം നല്‍കുന്ന കമ്മറ്റിയെ മാറ്റുന്നതിനും എല്ലാവര്‍ക്കും തുല്യമായി കുടിവെള്ളം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.