ഇടുക്കി: കുഴല്‍ കിണറില്‍ നിറയെ വെളളം ഉണ്ടെങ്കിലും കുടിവെള്ളം വിലയ്‌ക്ക് വാങ്ങേണ്ട അവസ്ഥയിലാണ് നെടുങ്കണ്ടം ആദിയാര്‍പുരം നിവാസികള്‍. പാമ്പാടുംപാറ പഞ്ചായത്തിലെ ആദിയാര്‍ പുരം ഇല്ലിക്കാനം പടിയില്‍ കഴിഞ്ഞ വര്‍ഷമാണ് ജില്ല പഞ്ചായത്ത് കുഴല്‍ കിണര്‍ നിര്‍മിച്ചത്. കുടിവെള്ള ക്ഷാമം അതിരൂക്ഷമായ മേഖലയാണ് ഇവിടം.
പട്ടികജാതി കോളനി ഉള്‍പ്പടെ 25 കുടുംബങ്ങള്‍ക്കായാണ് പദ്ധതി ഒരുക്കിയത്. ഓരോ വീട്ടുകാരില്‍ നിന്നും 3500 രൂപ വീതം ഗുണഭോക്തൃ വിഹിതവും വാങ്ങിയിരുന്നു. എന്നാൽ പദ്ധതിയ്‌ക്ക് അനുബന്ധമായി ടാങ്കും ജല വിതരണ പൈപ്പുകളും മോട്ടോറും സ്ഥാപിയ്‌ക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് കുടിവെള്ള പ്രതിസന്ധിയ്ക്ക് കാരണം.
900 അടിയോളം താഴ്‌ചയിലാണ് കുഴല്‍ കിണര്‍ നിര്‍മിച്ചിട്ടുള്ളത്. നിലവിൽ കുഴല്‍ കിണറിലേക്ക് ചെറിയ പാത്രം കെട്ടി ഇറക്കി വെള്ളം ശേഖരിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍. കൂലിവേലക്കാരായ പ്രദേശവാസികൾ വിലകൊടുത്തും വിദൂര മേഖലയില്‍ നിന്നും തലചുമടായുമാണ് വെള്ളം എത്തിക്കുന്നത്. പദ്ധതി പൂര്‍ത്തീകരിക്കാന്‍ നിരവധി തവണ ആവശ്യപെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല.
ഉപഭോക്താക്കളായ 25 വീടുകളിലും വെള്ളം എത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം. പദ്ധതി അടിയന്തരമായി പൂര്‍ത്തീകരിച്ച് ജലവിതരണത്തിന് നടപടി സ്വീകരിച്ചില്ലെങ്കില്‍ സമര പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.