ഇടുക്കി: ദീപാവലി ആഘോഷനിറവിൽ ഇടുക്കിയിലെ തോട്ടംമേഖല. ദീപങ്ങൾ തെളിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്‌തും പടക്കങ്ങൾ പൊട്ടിച്ചുമാണ് ആഘോഷം. അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്ക്, തിന്മയെ മറികടന്ന നന്മയുടെ വിജയമാണ് ദീപാവലിയായി ആഘോഷിക്കുന്നത്.
ഇടുക്കിയിലെ അതിഥി തൊഴിലാളി ക്യാമ്പുകളിലും തമിഴ് തോട്ടംതൊഴിലാളികളുടെ ഗ്രാമങ്ങളിലും പടക്കൾ പൊട്ടിച്ചാണ് ദീപാവലി ആഘോഷം ആരംഭിച്ചത്. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി, ദീപാവലി ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കാൻ അനുമതി രാത്രി എട്ട് മുതൽ 10 വരെയാണ്. ഇതോടെ പൂത്തിരികളും മത്താപ്പുകളും കത്തിച്ചാണ് ആഘോഷത്തിന് വെളിച്ചം പകർന്നത്.
ഇന്നലെ(23.10.2022) രാത്രി എട്ട് മണി മുതൽ തുടങ്ങിയ ആഘോഷം ഇപ്പോഴും തുടരുകയാണ്. ഇടുക്കിയിലെ ആയിരക്കണക്കിനു തോട്ടം തൊഴിലാളികളാണ് മധുര പലഹാരങ്ങൾ വിതരണം ചെയ്‌ത് ദീപാവലിയുടെ ആഹ്ളാദം പങ്കുവയ്ക്കുന്നത്.