ഇടുക്കി: ദേശീയപാത നിര്‍മാണം നടന്നിരുന്ന ഗ്യാപ് റോഡിലെ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശങ്ങള്‍ ജില്ലാ കലക്ടറുടേയും എം.പിയുടേയും നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും നഷ്ടപരിഹാരം വേഗത്തിലാക്കുന്നതിനും വേണ്ടിയായിരുന്നു ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ്, ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ എന്നിവരടങ്ങിയ സംഘത്തിന്‍റെ സന്ദർശനം. മണ്ണിടിച്ചിലില്‍ ചിന്നക്കനാല്‍ ബൈസണ്‍വാലി പഞ്ചായത്തുകളിലെ ഏക്കർകണക്കിന് കൃഷി നശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ക്കുള്ള ധനസഹായം വേഗത്തിലാക്കുമെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷവും വന്‍ കൃഷിനാശം സംഭവിച്ചിരുന്നു. തുടർച്ചയായി മണ്ണിടിച്ചിൽ ഉണ്ടാകുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കര്‍ഷകര്‍ രംഗത്ത് എത്തിയ സാഹചര്യത്തില്‍ സംഘം കര്‍ഷകരെ നേരിട്ട് കണ്ട് സംസാരിച്ചു. മേഖലയില്‍ ഇനിയും മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വിദഗ്‌ധ സംഘത്തിന്‍റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാവും തുടര്‍ നിര്‍മാണങ്ങളെന്ന് ജില്ല കലക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു. ഗ്യാപ് റോഡ് പൂര്‍ണമായി തകര്‍ന്നതിനാല്‍ ചിന്നക്കനാല്‍ മേഖല ഒറ്റപ്പെട്ട് കിടക്കുകയാണ്. താല്‍ക്കാലിക ഗതാഗത സംവിധാനം ഒരുക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യവും പ്രദേശവാസികള്‍ മുന്നോട്ട് വച്ചു.