ഇടുക്കി: ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ കേരളയുടെ ഇടുക്കി ജില്ലാ കൺവെൻഷൻ വാഴത്തോപ്പിൽ നടന്നു. പാപ്പൻസ് ഓഡിറ്റോറിയത്തിൽ നടന്ന കണ്‍വെൻഷൻ കേരളബാങ്ക് സംസ്ഥാന പ്രസിഡണ്ട് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്‌തു. രാജ്യത്തെ ധനമൂല ശക്തികൾക്ക് കീഴ്‌പെട്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ. പൊതുമേഖലാ ബാങ്കുകളെ ഒന്നാകെ ലയിപ്പിച്ച് സ്വകാര്യവൽക്കരിക്കുന്ന നയമാണ് കേന്ദ്രസർക്കാരിന്‍റേതെന്നും ഗോപി കോട്ടമുറിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്‌തുകൊണ്ട് പറഞ്ഞു.
പുതിയ ബാങ്കിംഗ് റഗുലേഷൻ ആക്‌ട് നിയമ ഭേദഗതിയിലൂടെ സഹകരണ മേഖലയിൽ സംസ്ഥാനങ്ങൾക്ക് ഉണ്ടായിരുന്ന അധികാരങ്ങൾ കവർന്നെടുക്കുകയാണ്. 194എൻ നടപ്പിലാക്കുന്നതിലൂടെ ഇടപാടുകാർക്കു മേൽ കൂടുതൽ നിയന്ത്രണങ്ങൾ വരും. ഇത് ഇടപാടുകാരെ ബാങ്കുകളിൽ നിന്ന് അകറ്റും. ഇതിനെതിരെ രാജ്യത്തെ ബാങ്ക് ജീവനക്കാർ ഒന്നാകെ പോരാട്ടം നടത്തുന്ന കാലഘട്ടമാണിത്. കേരള ബാങ്ക് പിരിച്ചുവിടുമെന്ന രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനം വെറും തോന്നൽ കൊണ്ട് ഉണ്ടാകുന്നതാണെന്നും എന്ന് ഗോപി കോട്ടമുറിക്കൽ പറഞ്ഞു.