ഇടുക്കി: ജില്ലയിൽ കുഴല്‍ക്കിണര്‍ നിര്‍മ്മാണത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. 150 മീറ്റർ ആഴത്തിൽ കൂടുതലുള്ള കുഴൽ കിണറുകൾക്കാണ് ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയത്. ജില്ലയിലെ അനധികൃത കുഴൽകിണർ നിർമാണത്തിനെതിരെ ഇടിവി ഭാരത് റിപ്പോർട്ട് ചെയ്ത വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ നടപടി.
വീട്ടാവശ്യത്തിനുള്ള കുഴല്‍ക്കിണർ നിർമ്മാണത്തിനാണ് നിയന്ത്രണം. തൊടുപുഴ, ഇളംദേശം ബ്ലോക്കില്‍ 100 മീറ്ററും, ജില്ലയിലെ മറ്റു ബ്ലോക്കുകളില്‍ 150 മീറ്ററുമായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇത് കൂടാതെ ഏതുതരം കുഴൽ കിണർ നിര്‍മ്മിക്കുന്നതിനും ഭൂഗര്‍ഭ വകുപ്പിന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് ജില്ലാ കലക്ടറുടെ ഉത്തരവ്.
ഭൂജല വകുപ്പിന്‍റെ റിഗ്ഗ് രജിസ്‌ട്രേഷന്‍ എടുത്തിട്ടില്ലാത്ത വാഹനങ്ങള്‍ കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിട്ടുണ്ട്. ഈ നിരോധനം മെയ് 31 വരെ നിലനില്‍ക്കും. ഉത്തരവ് നടപ്പിലാക്കുന്നതിന് സബ് കലക്ടര്‍, ഭൂജല വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവർക്കും ജില്ലാ ഭരണകൂടം നിർദേശം നൽകി. കഴിഞ്ഞ ദിവസമാണ് ജില്ലയിൽ അനധികൃത കുഴൽ കിണർ നിർമ്മാണത്തെക്കുറിച്ച് ഇടിവി ഭാരത് വാർത്ത പുറത്തുവിട്ടത്.