ഇടുക്കി: തകർന്നു വീഴാറായ ലയങ്ങളിൽ ജീവൻ പണയംവെച്ച് കഴിയുകയാണ് പീരുമേട് ടി കമ്പനിയിലെ തൊഴിലാളികൾ. ചോർന്ന് ഒലിക്കുന്ന ലയങ്ങളിൽ നിന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ കനിയണമെന്നാണ് ഇവരുടെ ആവശ്യം. കാലവർഷം ശക്തിയാർജ്ജിച്ചപ്പോൾ കുടംബങ്ങളെ മാറ്റിപാർപ്പിക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിറക്കിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
സ്വന്തമായി ഒരുതുണ്ട് ഭൂമിപോലും ഇല്ലാത്തവരാണ് ഭൂരിഭാഗം തൊഴിലാളികളും. 2000 ല്‍ തോട്ടം ഉടമ ഉപേക്ഷിച്ചുപോയത് മുതലാണ് തൊഴിലാളികള്‍ ദുരിതത്തിലായത്. കയറിക്കിടക്കാന്‍ കമ്പിനി നല്‍കിയ ഒറ്റമുറി ലയം മാത്രമാണുള്ളത്. ഈ ലയങ്ങള്‍ 22 വര്‍ഷം മുമ്പ് അറ്റകുറ്റപ്പണി നടത്തിയതാണ്. അതിനാല്‍ ലയങ്ങളെല്ലാം ജീര്‍ണ്ണാവസ്ഥയിലായി. ചുവരുകള്‍ തകര്‍ന്നും കതകും തൂണുകളും മേല്‍ക്കൂരയും ചിതലരിച്ചും ഏത് സമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.
തോട്ടത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിയതോടെ ഇവരുടെ വരുമാനവും നിലച്ചു. കുട്ടികളും പ്രായമായവരും ഈ ലയങ്ങളിലുണ്ട്. ദുരിതം അറിയാമെങ്കിലും ജനപ്രതിനിധികള്‍ ഇവിടേക്ക് തിരിഞ്ഞ് നോക്കാറില്ലെന്നും ഇവര്‍ പറയുന്നു. കാലവർഷം കനത്തതോടെ ലയത്തിന്റെ അവസ്ഥ കൂടുതല്‍ ഭയാനകമായി. ചിതലരിച്ച മേൽക്കൂരയുടെ കഴുക്കോലുകള്‍ ഓരോന്നായി താഴെ വീഴാന്‍ തുടങ്ങി. വലിയദുരന്തം ഉണ്ടാകുന്നതിന് മുമ്പായി തലചായ്ക്കാന്‍ സുരക്ഷിതമായൊരിടം നല്‍കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
![ലയങ്ങളില്‍ ദുരിത ജീവിതം പീരുമേട് ടി കമ്പനിയിലെ തൊഴിലാളികൾ പീരുമേട് വാര്‍ത്ത Peerumedu Plantation Company Peerumedu Plantation Company Workers](https://etvbharatimages.akamaized.net/etvbharat/prod-images/kl-idy-01-peerumedu-thottam-pkg-kl-10007_13072022133749_1307f_1657699669_990.jpg)
അടച്ചുറപ്പുള്ള ഒരു വീട് കിട്ടിയാൽ മാറി താമസിക്കാൻ ഒരുക്കമാണെന്ന് ഓരോ തൊഴിലാളി കുടുംബവും പറയുന്നു. തോട്ടം തുറക്കുമെന്നും ആനുകൂല്യങ്ങൾ ലഭിക്കുമെന്നും യൂണിയൻ നേതാക്കൾ പറയുന്നത് തൊഴിലാളികൾ വിശ്വാസത്തിലെടുക്കുന്നില്ല. കാലവർഷം ശക്തിയാർജ്ജിച്ചതോടെ തഹസിൽദാറും ഡപ്യൂട്ടി ലേബർ ഓഫീസറും ചേർന്ന് ഓരോ ലയത്തിൽ ചെന്ന് അവസ്ഥ പരിശോധിക്കണമെന്ന് കലക്ടർ ഉത്തരവിട്ടിരുന്നു. എന്നാൽ ഒരാളും ലയങ്ങളിലെത്തിയില്ലെന്നും ഇവര്‍ പറയുന്നു. യൂണിയൻ നേതാക്കളെ പീരുമേട്ടിൽ വിളിച്ച് വരുത്തി യോഗം ചേരുക മാത്രമാണുണ്ടായത്.
![ലയങ്ങളില്‍ ദുരിത ജീവിതം പീരുമേട് ടി കമ്പനിയിലെ തൊഴിലാളികൾ പീരുമേട് വാര്‍ത്ത Peerumedu Plantation Company Peerumedu Plantation Company Workers](https://etvbharatimages.akamaized.net/etvbharat/prod-images/kl-idy-01-peerumedu-thottam-pkg-kl-10007_13072022133749_1307f_1657699669_910.jpg)
തൊഴിലാളികൾക്ക് ഫ്ലാറ്റ് സമുച്ചയം നിർമിച്ച് നൽകാമെന്ന് കഴിഞ്ഞ 15 വർഷമായി സർക്കാർ പ്രഖ്യാപിക്കുന്നതാണ്. എന്നാൽ നാളിതു വരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. തൊഴിലാളികളുടെ ജീവന് പുല്ലുവിലയാണ് സർക്കാര്‍ കല്‍പിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.
Also Read: ഇടുക്കിയിൽ ലയങ്ങളുടെ മേൽക്കൂര തകർന്ന് ആറു തൊഴിലാളികൾക്ക് പരിക്കേറ്റു