ഇടുക്കി: വാഹനത്തിന് സൈഡ് നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് വെടിയേറ്റു. സൂര്യനെല്ലി സ്വദേശി മൈക്കിള്‍ രാജിനാണ് എയര്‍ഗണ്‍ കൊണ്ടുള്ള വെടിയേറ്റത്. സഭവത്തില്‍ ഇടുക്കി ബിഎല്‍റാം സ്വദേശി ബിജു വര്‍ഗീസിനെ ശാന്തൻപാറ പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്‌ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. പരിക്കേറ്റ മൈക്കളിനും വെടിയുതിര്‍ത്ത ബിജുവിനും ബിഎല്‍റാമില്‍ ഏലത്തോട്ടമുണ്ട്. ഇരുവരുടേയും തോട്ടത്തിലേക്ക് ഒരേ വഴിയിലൂടെയാണ് പേകേണ്ടത്. സംഭവ സമയം ബിജു തോട്ടത്തില്‍ നിന്നും മൈക്കിള്‍ തോട്ടത്തിലേക്കും പോവുകയായിരുന്നു.
തുടര്‍ന്ന് വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ബിജു വാഹനത്തില്‍ സൂക്ഷിച്ച എയര്‍ഗണെടുത്ത് മൈക്കിളിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു.
Also Read: ദീപുവിന്‍റെ മരണം: ശ്രീനിജൻ എം.എല്‍.എയ്‌ക്കെതിരെ ട്വന്‍റി ട്വന്‍റി
കൂടെയുണ്ടായിരുന്ന സുഹൃത്തും നാട്ടുകാരും ചേര്‍ന്നാണ് മൈക്കിളിനെ ആശുപത്രിയിലെത്തിച്ചത്. ഇതിനിടെ വാഹനവുമായി രക്ഷപെടാന്‍ ശ്രമിച്ച ബിജുവിനെ ശാന്തൻപാറ പൊലീസ് പിടികൂടി. വയറിന് പരിക്കേറ്റ മൈക്കിള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.