ഇടുക്കി: തൊടുപുഴ ഇടവെട്ടിയിൽ പതിനേഴുകാരന് ക്രൂരമർദ്ദനം. ഫുട്ബോൾ ടർഫ് ഫീസുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കേറ്റമാണ് മർദ്ദനത്തിൽ കലാശിച്ചത്. നൂറ്റി മുപ്പത് രൂപയെ ചൊല്ലിയാണ് തർക്കം ഉണ്ടായത്. കഴിഞ്ഞ 31ാം തിയ്യതിയാണ് കേസിന് ആസ്പദമായ സംഭവം.
ഇടവെട്ടി സ്വദേശിയായ പത്താം ക്ലാസുകാരനാണ് സുഹൃത്തായ പതിനേഴുകാരനെ മർദിച്ചത്. വിദ്യാർഥിയുടെ ശരീരത്തിൽ പത്താം ക്ലാസുകാരൻ കടിച്ചതിന്‍റെയും മര്‍ദ്ദിച്ചതിന്‍റെയും പാടുകളുണ്ട്. മർദ്ദനത്തെത്തുടർന്ന് പതിനേഴുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
അക്രമം നടത്തിയ പത്താം ക്ലാസുകാരന് മാനസിക പ്രശ്‌നങ്ങൾ ഉണ്ടെന്നും ചികിത്സയിലാണെന്നുമാണ് വീട്ടുകാരുടെ വാദം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ തൊടുപുഴ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായി മർദ്ദമേറ്റ കുട്ടിയുടെ കുടുംബം ആരോപിച്ചു.