ഇടുക്കി: ഇടുക്കി എംപിയുടെ നേതൃത്വത്തിലുള്ള ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് ടീമിന്‍റെ ഉടുമ്പന്‍ചോലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി വാഹനം ലഭ്യമാക്കി. വാഹനത്തിന്‍റെ ഫ്‌ളാഗ് ഓഫ് ഡീന്‍ കുര്യാക്കോസ് എംപി നിര്‍വ്വഹിച്ചു.
പെട്ടിമുടി ദുരന്തത്തെ തുടര്‍ന്നാണ് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് വിവിധ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് ടീമിന് രൂപം നല്‍കിയത്. ഇടുക്കിയിലെ ദുരന്ത മേഖലകളിൽ സഹായം എത്തിക്കുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയുമാണ് ടീമിന്‍റെ ലക്ഷ്യം. പാര്‍ലമെന്‍റ് മണ്ഡലത്തിന്‍റെ പരിധിയിലുള്ള എല്ലാ നിയോജക മണ്ഡലങ്ങളിലും 50 സന്നദ്ധ പ്രവര്‍ത്തകര്‍ അടങ്ങുന്ന ടീമാണ് പ്രവര്‍ത്തിക്കുന്നത്.
നിലവില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് ടീം ശ്രദ്ധ ചെലുത്തുന്നത്. കൊവിഡ് മൂലം മരണപ്പെടുന്ന ആളുകളുടെ സംസ്‌കാര ചടങ്ങുകള്‍ക്കും ടീം പങ്കാളികളാകുന്നു.ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തിലെ കൊവിഡ് രോഗികള്‍ക്ക് ആശുപത്രിയില്‍ എത്തുന്നതിന് വാഹനം പ്രയോജനപെടുത്താനാവും. ഗ്രാമീണ മേഖലകളിലെ സേവനം വേഗത്തിലാക്കാന്‍ കൂടുതല്‍ വാഹനങ്ങള്‍ വരും ദിവസങ്ങളില്‍ സജ്ജമാക്കുമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. .