ഇടുക്കി: വൈകല്യത്തെ ജീവിത വിജയമാക്കി നാടിന് മാതൃകയാകുകയാണ് ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ പള്ളിക്കുന്നേൽ പ്രമോദ്. ആൽപ്പാറയിലെ താമസക്കാരനായ പ്രമോദ് പരിശ്രമശാലിയാണ്. ജന്മനാ കുറുകിയ തന്‍റെ കൈകളെ പരിശീലനം കൊണ്ടും പരിശ്രമം കൊണ്ടും വരുതിയിലാക്കി ഇദ്ദേഹം മികച്ച ഫുട്ബോളറായി മാറി. ഇടുക്കി അൽപ്പാറ ഗ്രാമത്തിലെ ഒരു കുടിയേറ്റ കർഷക കുടുംബത്തിലെ അംഗമായ പ്രമോദ് ഫുട്ബോൾ താരവും ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഭിന്നശേഷിക്കാരനായ ഏക ഫുട്ബോൾ കോച്ച് കൂടിയാണ്. ഇടുക്കി കലക്ടറേറ്റിലെ ഓഫീസ് അസിസ്‌റ്റന്‍റ് കൂടിയാണ് ഈ കഠിനാധ്വാനി.
പുലർച്ചെ അഞ്ചു മണിക്ക് തുടങ്ങുന്ന കായിക പരിശീലനതോടെയാണ് ഒരു ദിവസം ആരംഭിക്കുന്നത്. പരിശീലനവും വ്യായാമവുമൊക്കെ കഴിഞ്ഞാണ് ജോലിക്ക് പോകുന്നത്. തിരിച്ചെത്തിയാൽ വീട്ടുവളപ്പിലെ പച്ചക്കറിയുടെയും മരച്ചീനിയുടെയുമെല്ലാം പരിചരണവും പ്രമോദ് തന്നെയാണ്. എപ്പോഴും ഊർജ്ജസ്വലനായി ഓടിനടക്കുന്നതാണ് പ്രമോദിന് പ്രിയം. പ്രമോദിന്‍റെ ജീവിതചര്യകൾ മറ്റുളളവർക്കുമൊരു മാതൃകയാണ്.
ഇന്ത്യയിലും വിദേശത്തും നടന്നിട്ടുള്ള നിരവധി മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട് പ്രമോദ്. കായികരംഗത്ത് നിരവധി പുരസ്കാരങ്ങളും പ്രമോദിനെ തേടിയെത്തി. 2019 ൽ ന്യൂസിലന്‍റിൽ നടന്ന ഭിന്നശേഷികാർക്കുളള മാരത്തോൺ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കഴിഞ്ഞ വർഷം ന്യൂയോർക്കിൽ നടന്ന ഭിന്നശേഷികാർക്കുളള 2020 വെർച്ച്വവൽ മീറ്റിലും പഞ്ചാബിൽ നടന്ന മാസ്‌റ്റേഴ്‌സ് മീറ്റിലും പ്രമോദ് സ്വർണ മെഡൽ നേടിയിരുന്നു.
"പൊതു സമൂഹം പലപ്പോഴും വൈകല്യമുള്ളവരോട് അവഗണന പുലർത്തുന്നത് സ്വാഭാവികമാണെങ്കിലും ഭിന്നശേഷിക്കാരനെന്ന ചിന്ത സ്വയം വെടിയണമെന്നും നമ്മളിലെ കഴിവിനെ കണ്ടെത്തി പരിപോഷിപ്പിച്ചാൽ അത് ജീവിതവിജയത്തിന് ചവിട്ടുപടി ആവുമെന്നുമാണ്' പ്രമോദ് പറയുന്നു. മത്സരങ്ങൾക്കും പരിശീലനങ്ങൾക്കും ജില്ലാ ഭരണകൂടത്തിന്‍റെയും സഹപ്രവർത്തകരുടെയും പൂർണ പിന്തുണയും ലഭിക്കുന്നുണ്ടെന്ന് പ്രമോദ് പറയുന്നു. അധ്വാനവും ഇച്ഛാശക്തിയും ഉണ്ടെങ്കിൽ വൈകല്യങ്ങളെ അതിജീവിക്കാമെന്ന് തെളിയിക്കുകയാണ് പ്രമോദ്.