ഇടുക്കി : നെടുങ്കണ്ടത്തെ സ്വകാര്യ ലാബിലും സര്‍ക്കാര്‍ ലാബിലും ഒരു വ്യക്തി, ഒരേ ദിനത്തില്‍ നടത്തിയ കൊവിഡ് പരിശോധനകളില്‍ ലഭിച്ചത് രണ്ട് ഫലം. കഴിഞ്ഞ ദിവസം നെടുങ്കണ്ടം സ്വദേശിയായ യുവതി, നെടുങ്കണ്ടം ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററിലെത്തി കൊവിഡ് പരിശോധന നടത്തിയിരുന്നു.
പരിശോധന ഫലം ലഭിയ്ക്കാന്‍ ഒരു ദിവസം വൈകുമെന്നതിനാല്‍ ഇവര്‍ നെടുങ്കണ്ടത്തെ ഹൈജിയ മെഡ് ലബോറട്ടറീസ് എന്ന സ്വകാര്യ ലാബിനെ ആശ്രയിച്ചു. സ്വകാര്യ ലാബില്‍ നിന്നും ലഭിച്ച പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു.
Also Read: ജൂലൈ 15 ഓടെ ഇടുക്കി ഗ്യാപ്പ് റോഡ് വഴി ചെറുവാഹനങ്ങൾ കടത്തിവിടും
അടുത്ത ദിവസം സര്‍ക്കാര്‍ ലാബില്‍ നിന്നും കൊവിഡ് പോസിറ്റീവ് എന്ന റിസൾട്ടാണ് ലഭിച്ചത്. ഒരേ ദിനത്തില്‍ നടത്തിയ രണ്ട് പരിശോധനകളുടെ ഫലം വ്യത്യസ്‌തമായതോടെ വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചു. വിശദമായ പരിശോധനയില്‍ സ്വകാര്യ ലാബില്‍ നിന്നും ലഭിച്ച റിസൾട്ടില്‍ പല വിവരങ്ങളും ചേര്‍ത്തിട്ടില്ലെന്ന് വ്യക്തമായി.
Also Read: മൂന്നാര്‍ സൈലന്‍റ് വാലി റോഡ് : പ്രവൃത്തി ഉടന്‍ തുടങ്ങുമെന്ന് എ രാജ എംഎല്‍എ
സ്വാബ് എടുക്കുന്ന ലാബിന്‍റെ കോഡ് പോലും തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി കൊവിഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍ വേഗത്തില്‍ ലഭിയ്ക്കുന്നതിനായി സ്വകാര്യ ലാബുകളെയാണ് ആശ്രയിക്കുന്നത്. പരിശോധന ഫലം തെറ്റായി രേഖപെടുത്തുന്നത് രോഗ വ്യാപനത്തിനിടയാക്കും.
വിവരം ജില്ല മെഡിക്കല്‍ ഓഫീസറെ അറിയിച്ചതായി നെടുങ്കണ്ടം താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. അടുത്ത ദിവസം വിശദമായ റിപ്പോര്‍ട്ട് ഡിഎംഒയ്ക്ക് സമര്‍പ്പിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിഷയത്തിൽ പ്രതികരിക്കാന്‍ ഹൈജിയ മെഡ് ലബോറട്ടറീസ് ഉടമകൾ തയ്യാറായിട്ടില്ല.