ഇടുക്കി: ആനച്ചാലിലെ ജനവാസ മേഖലയിൽ വനം വകുപ്പ് പുലിയെ കൊണ്ടുവന്ന് ഇറക്കി വിട്ടതാണ് എന്ന ആരോപണത്തിന് മറുപടിയുമായി മൂന്നാര്‍ ഡിഎഫ്ഒ രാജു ഫ്രാന്‍സിസ്. പുലിയെ പിടികൂടി ഒരിടത്തും ഇറക്കി വിടാന്‍ കഴിയില്ല. അതിന് പ്രത്യേക അനുമതി ആവശ്യമാണ്.
റിസര്‍വ് വനമായി പ്രഖ്യാപിച്ചാല്‍ കുടിയൊഴുപ്പിക്കുമെന്ന പ്രചാരണം തെറ്റാണെന്നും ഡിഎഫ്ഒ വ്യക്തമാക്കി. ആനച്ചാലിൽ പ്രദേശവാസികൾ പുലിയെ നേരിൽ കണ്ടതോടെ സംഭവം വലിയ വിവാദമായി മാറിയിരിക്കുകയാണ്. കുടിയേറ്റ കാലം മുതല്‍ വന്യമൃഗ ശല്യം ഇല്ലാതിരുന്ന മേഖലയില്‍ വനം വകുപ്പ് 87 ഹെക്‌ടര്‍ റിസര്‍വ് ഫോറസ്റ്റായി പ്രഖ്യാപിച്ചതിന് ശേഷമാണ് പുലിയുടെ സാന്നിധ്യം ഉണ്ടായതെന്നും പുലിയെ വനം വകുപ്പ് ഇറക്കിയതാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.
ഉടുമ്പന്‍ചോല എംഎല്‍എ എം എം മണി ഉൾപ്പെടെ ഇതേ ആരോപണം ഉന്നയിച്ചിരുന്നു. ഇതോടെയാണ് ഇക്കാര്യത്തില്‍ മറുപടിയുമായി വനംവകുപ്പ് രംഗത്തെത്തിയത്. ചെങ്കുളം റിസര്‍വായി പ്രഖ്യാപിച്ച പ്രദേശത്തുള്ള ആളുകളെ കുടിയൊഴിപ്പിക്കുമെന്ന പ്രചാരണം തെറ്റാണ്. വര്‍ഷങ്ങളായി തങ്ങളുടെ കൈവശമുണ്ടായിരുന്ന ഭൂമിയാണ് ഇതെന്നും ഡിഎഫ്ഒ വ്യക്തമാക്കി.
പുലിയെ കണ്ടെത്തുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും 24 മണിക്കൂർ പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. അതേസമയം റിസര്‍വ് വനമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം പിന്‍വവലിക്കണമെന്നും പുലിയെ പിടികൂടി മേഖലയില്‍ നിന്നും മാറ്റണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.