ഇടുക്കി: തകര്‍ന്ന് കിടക്കുന്ന പത്താംമൈല്‍ ദേവിയാര്‍ കോളനി റോഡ് ഗതാഗതയോഗ്യമാക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. കേവലം ഒന്നര കിലോമീറ്ററോളം വരുന്ന പാതയാണ് കുണ്ടും കുഴിയുമായി യാത്രക്കാരുടെ നടുവൊടിക്കുന്നത്. ദേവിയാര്‍ കോളനി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്കും ആളുകളെത്തുന്ന പാത കൂടിയാണിത്. നാളുകളായി തകര്‍ന്ന് കിടക്കുന്ന പാത ഗതാഗതയോഗ്യമാക്കാന്‍ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
തൊട്ടിയാര്‍ ജലവൈദ്യുതി പദ്ധതി നിര്‍മാണത്തോടെ ഈ റോഡ് വൈദ്യുതി വകുപ്പ് ഏറ്റെടുത്തിരുന്നു. നിലവില്‍ ഒന്നര കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യാന്‍ അഞ്ച് കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യുന്ന സമയം വേണം. ദേശിയപാതയില്‍ നിന്നും റോഡിന്‍റെ ആരംഭത്തിലുള്ള പാലത്തില്‍ നിറയെ കുഴികള്‍ രൂപം കൊണ്ടു കഴിഞ്ഞു. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്ര വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നതായും പരാതി ഉണ്ട്. ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും നിത്യസംഭവമായി മാറി കഴിഞ്ഞു. യാത്രാ ക്ലേശത്തിന് പരിഹാരം കാണാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.