ഇടുക്കി: ദേവികുളത്ത് ജാതി പറഞ്ഞത് സിപിഎം ആണെന്ന മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍റെ പ്രസ്‌താവനയ്ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.എം മണി. റിസര്‍വേഷന്‍ സീറ്റില്‍ ജാതി നോക്കാതെ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ കഴിയില്ല. ജാതി നോക്കിയതിനാലാണ് രാജേന്ദ്രന്‍ മൂന്ന് തവണ എംഎല്‍എ ആയതെന്ന് എം എം മണി പറഞ്ഞു. പാര്‍ട്ടിക്കെതിരെ പത്ര സമ്മേളനം നടത്തിയാല്‍ പല കാര്യങ്ങളും മൂന്നാറില്‍ മീറ്റിങ് നടത്തി താന്‍ തന്നെ നേരിട്ട് വിശദീകരിക്കുമെന്നും എം.എം മണി പറഞ്ഞു.
ദേവികുളത്തെ തെരഞ്ഞെടുപ്പ് വീഴ്‌ചയില്‍ ജില്ലാ കമ്മറ്റിയുടെ ശുപാര്‍ശ പ്രകാരം രാജേന്ദ്രനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയ പാര്‍ട്ടി നടപടിയ്ക്ക് ശേഷം മാധ്യമങ്ങളോടെ ആദ്യമായി പ്രതികരിക്കുന്ന സമയത്താണ് മൂന്നാറില്‍ ജാതി പറഞ്ഞത് സിപിഎം ആണെന്ന പരാമര്‍ശം രാജേന്ദ്രന്‍ നടത്തിയത്. രാജേന്ദ്രന്‍ തെരഞ്ഞെടുപ്പില്‍ ജാതീയമായ വേര്‍തിരിവ് ഉണ്ടാക്കാൻ ശ്രമിച്ചെന്ന ജില്ലാ സെക്രട്ടറി സി വി വര്‍ഗീസും പ്രസ്‌താവനയിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.എം മണി രംഗത്തെത്തിയത്.
മൂന്ന് തവണ ദേവികുളത്ത് എംഎല്‍എ ആയിരുന്നപ്പോള്‍ പോലും കാര്യമായി ഒന്നും ചെയ്യാന്‍ രാജേന്ദ്രന് കഴിഞ്ഞിരുന്നില്ല. യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ പോലും രാജേന്ദ്രൻ കാര്യമായി ഇടപെടല്‍ നടത്തിയിട്ടില്ല. പാര്‍ട്ടി ഭരണഘടനയെക്കുറിച്ച് പോലും അറിയാത്ത ആളാണ് രാജേന്ദ്രന്‍. പാര്‍ട്ടിക്കുള്ളില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് സ്വയം തെളിയിച്ചെന്നും സ്വന്തം കുഴി രാജേന്ദ്രന്‍ തന്നെ കുത്തിയെന്നും എം.എം മണി കൂട്ടിച്ചേര്‍ത്തു.
READ MORE: കാഴ്ചക്കുറവുള്ള വയോധികയുടെ ശസ്ത്രക്രിയക്ക് 1000 രൂപ കൈക്കൂലി; ഡോക്ടറെ വിജലന്‍സ് കൈയോടെ പൊക്കി