ഇടുക്കി: ദേശീയ പണിമുടക്കിനിടെ ദേവികുളം എംഎല്‍എ എ രാജയ്ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്നാര്‍ എസ്‌ഐക്കെതിരെ നടപടി. മൂന്നാര്‍ എസ്ഐ സാഗറിന് സ്ഥലം മാറ്റം നല്‍കി ജില്ല പൊലീസ് മേധാവി ഉത്തരവിറക്കി. ഇന്നലെ പണിമുടക്കുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനിടയില്‍ എസ്ഐ ദേവികുളം എംഎല്‍എ എ രാജയെ മര്‍ദിച്ചുവെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു.
എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം നേതാക്കള്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് സ്ഥലം മാറ്റം നല്‍കിയത്. ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് മൂന്നാറില്‍ സമരാനുകൂലികള്‍ വാഹനം തടഞ്ഞിരുന്നു. ഇവിടെ എത്തിയ പൊലീസും സമരാനുകൂലികളും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇത് സംഘര്‍ഷത്തിലേയ്ക്ക് നീങ്ങുകയുമായിരുന്നു.
പൊലീസും സമരാനുകൂലികളും തമ്മിലുള്ള സംഘര്‍ഷം തടയാനെത്തിയ ദേവികുളം എംഎല്‍എ എ രാജയെ സ്ഥലത്തെത്തിയ എസ്ഐ മര്‍ദിയ്ക്കുകയായിരുന്നു. നെഞ്ചില്‍ പിടിച്ച് തള്ളുന്നതടക്കമുള്ള ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ദേഹാസ്വാസ്ഥ്യം ഉണ്ടായ എംഎല്‍എ പിന്നീട് മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്‌തു.
ഇതിന് പിന്നാലെ എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ ജയചന്ദ്രന്‍ രംഗത്ത് വന്നു. എസ്ഐ സാഗര്‍ ഇതിന് മുന്‍പും സിപിഎം പ്രവര്‍ത്തകരെ കൈയേറ്റം ചെയ്‌തിട്ടുണ്ടെന്ന ആരോപണവും ജയചന്ദ്രന്‍ ഉന്നയിച്ചു. തുടര്‍ന്ന് സാഗറിനെ ഇടുക്കി എസ്‌പി നേരിട്ട് വിളിപ്പിയ്ക്കുകയും വിശദീകരണം തേടുകയും ചെയ്‌തു.
Read more: മൂന്നാറിൽ പണിമുടക്കിനിടെ സംഘര്‍ഷം ; എം.എല്‍.എ എ രാജയ്ക്ക് പൊലീസ് മര്‍ദനം
ഇതിന് പിന്നാലെയാണ് സാഗറിനെ സ്ഥലം മാറ്റി ജില്ല പൊലീസ് മേധാവി ഉത്തരവിറക്കിയത്. ജില്ല ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിലേക്ക് ആണ് സ്ഥലം മാറ്റം. അതേസമയം, സംഭവത്തില്‍ എംഎല്‍എ എ രാജ നിയമസഭ സ്‌പീക്കര്‍ക്ക് പരാതി നല്‍കുമെന്നാണ് വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി സിപിഎം നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്.