ഇടുക്കി: ദേവികുളം താലൂക്കില്‍ നിർമ്മാണം പൂർത്തീകരിച്ച അസീസി വില്ല പ്രളയബാധിത കുടുംബങ്ങള്‍ക്ക് കൈമാറി. കൊച്ചി- ധനുഷ്‌ക്കോടി ദേശീയപാതയോരത്ത് മച്ചിപ്ലാവ് അസീസി പള്ളിയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന 30 സെന്റ് ഭൂമിയിലാണ് അസീസി വില്ല നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായ ഭവനങ്ങളുടെ ആശീര്‍വാദ കര്‍മ്മം ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നിര്‍വ്വഹിച്ചു. പ്രളയബാധിതര്‍ക്ക് വീടുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ചില മാനദണ്ഡങ്ങള്‍ അര്‍ഹരായ പല കുടുംബങ്ങളേയും പദ്ധതിക്ക് പുറത്ത് നിര്‍ത്തുന്നുണ്ടെന്ന് ചടങ്ങില്‍ പങ്കെടുത്ത ഇടുക്കി എം പി അഡ്വ. ഡീന്‍ കുര്യാക്കോസ് പറഞ്ഞു. മറ്റേതെങ്കിലും കാര്യങ്ങളിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രളയബാധിതരെ സഹായിക്കാന്‍ സഭയും സന്നദ്ധസംഘടനകളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സര്ക്കാരിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്താണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ പറഞ്ഞു. പള്ളിവികാരി ഫാദര്‍ ജെയിംസ് മാക്കിയില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യാ പൗലോസ്, വൈദികര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.