ഇടുക്കി: നെടുങ്കണ്ടം പാറത്തോട് വില്ലേജ് ഓഫീസറെ നവമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയില്‍ കെ.എസ്.യു സംസ്ഥാന സെക്രട്ടറി അരുൺ രാജേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. കൈക്കൂലി കൊടുക്കാത്തതിനാൽ വില്ലേജ് ഓഫീസര്‍ ജാതി സർട്ടിഫിക്കറ്റ് നൽകിയില്ലെന്നായിരുന്നു അരുണിന്‍റെ ആരോപണം.
കരുണാപുരം വില്ലേജിൽ രണ്ടരവർഷമായി താമസിക്കുന്ന യുവതി ജാതി സർട്ടിഫിക്കറ്റിനായി പാറത്തോട് വില്ലേജ് ഓഫീസറെ സമീപിച്ചു. രേഖകളിലെല്ലാം വിലാസം പാറത്തോടാണ് വില്ലേജ് പരിധിയെങ്കിലും വർഷങ്ങളായി താമസിക്കുന്നത് കരുണാപുരത്ത് ഭർത്താവിന്‍റെ വീട്ടിലായതിനാൽ അവിടെ നിന്നാണ് വാങ്ങേണ്ടതെന്നാണ് വില്ലേജ് ഓഫീസര്‍ യുവതിക്ക് നല്‍കിയ മറുപടി.
ഈ സമയം അവിടെ എത്തിയ അരുൺ സർട്ടിഫിക്കറ്റ് പാറത്തോട് വില്ലേജ് ഓഫീസർ നൽകണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചെന്നും വില്ലേജ് ഓഫീസർ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് ആരോപിച്ച് ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നുമാണ് പരാതി.
ഉടുമ്പൻചോല തഹസിൽദാർക്ക് വില്ലേജ് ഓഫീസർ ടി.എ പ്രദീപ് നൽകിയ പരാതി നെടുങ്കണ്ടം പൊലീസിന് കൈമാറി. അരുൺ രാജേന്ദ്രനെ ഒന്നാം പ്രതിയാക്കി മൂന്ന് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. നിയമതടസം ചൂണ്ടിക്കാട്ടിയാണ് വില്ലേജ് ഓഫിസർ സർട്ടിഫിക്കറ്റ് നിഷേധിച്ചത് എന്നതിനാല്‍ യുവതിക്ക് പരാതിയില്ലെന്നാണ് വിവരം.