ഇടുക്കി: അടിമാലി കൂമ്പൻപാറ പൂണേലിപ്പടിയിലെ ഹോട്ടലിൽ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന അഞ്ച് കിലോ കേഴമാൻ ഇറച്ചി പിടികൂടി. സംഭവത്തില്‍ ഹോട്ടൽ ഉടമ വൈക്കം സ്വദേശി കുറിച്ചിത്തറ ജോബിൻ കെ ജോൺ, വടാട്ടുപാറ സ്വദേശിയും ഹോട്ടല്‍ ജീവനക്കാരനുമായ കുന്നത്തറ കെ ജി ബിജു എന്നിവർ അറസ്റ്റിലായി. ഇറച്ചിക്കൊപ്പം പാചകം ചെയ്യാൻ ഉപയോഗിച്ച സാധന സാമഗ്രികളും പിടികൂടി.
ഹോട്ടലിന് സമീപത്ത് നിന്നാണ് ഇവർ കേഴമാനിനെ കെണിവച്ചു പിടിച്ചതെന്നാണ് വനപാലകർ നൽകുന്ന വിവരം. ഇറച്ചി വൃത്തിയാക്കിയ ശേഷം ഹോട്ടലിലെ ഫ്രീസറിൽ സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നു എന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അടിമാലി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ജോജി ജെയിംസിന്‍റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് പ്രതികളെ പിടികൂടിയത്.