ഇടുക്കി: പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ നടപടി. എസ്.ഐ ഉൾപ്പെടെ നാലുപേർക്ക് സസ്പെൻഷനും, ആറ് പേർക്ക് സ്ഥലം മാറ്റവും നല്‍കി. ഹരിത ഫിനാൻസ് വായ്‌പ തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ വാഗമൺ കോലാഹലമേട് കസ്തൂരി ഭവനിൽ കുമാർ മരിച്ചത് പൊലീസ് മർദ്ദനത്തെ തുടർന്നാണെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി വേണുഗോപാല്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് വീഴ്ച്ച സംഭവിച്ചെന്ന് ബോധ്യപ്പെട്ടു. ഇതോടെ നെടുങ്കണ്ടം എസ്.ഐ കെ.എ സാബു, എ.എസ്.ഐ റെജിമോൻ, ഡ്രൈവർമാരായ നിയാസ്, സജിമോൻ എന്നിവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുകയും സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ ആറ് പേരെ സ്ഥലംമാറ്റുകയും ചെയ്തു. കുമാറിനെ ഉരുട്ടലിന് വിധേയനാക്കിയതായും സംശയമുണ്ട്. മൃതദേഹത്തിൽ സമാനമായ മുറികളും ഉണ്ട്.
ഈ മാസം പന്ത്രണ്ടിന് പിടികൂടിയ പ്രതിയുടെ അറസ്റ്റ് പതിനാറിനാണ് രേഖപ്പെടുത്തിയത്. നാലു ദിവസം അന്യായമായി കസ്റ്റഡിയിൽ വെച്ച ശേഷമാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നത്. പ്രതിയെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി ദൃക്സാക്ഷികളും വ്യക്തമാക്കിയിരുന്നു.
എന്നാൽ ന്യുമോണിയ ബാധിച്ചതാണ് മരണകാരണമായി പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. ഇകാര്യങ്ങളെല്ലാം വിശദമായി അന്വേഷിക്കുമെന്നും. തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.