ഇടുക്കി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഇടുക്കി പുറ്റടി സ്പൈസസ് പാർക്കിൽ നടക്കുന്ന ഏലം ലേലം തമിഴ്‌നാട്ടിലേക്ക് മാറ്റില്ലെന്ന് ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. ഇക്കാര്യത്തിൽ തെറ്റിദ്ധാരണ പരത്തേണ്ടതില്ല. ലേലം തമിഴ്‌നാട്ടിലേക്ക് മാറ്റണം എന്നത് അംഗീകരിക്കാനാവാത്ത വാദമാണെന്നും ഇക്കാര്യം പരിഗണനയിൽ പോലും ഇല്ലെന്ന് ബോർഡ് ചെയർമാനുമായി ഫോണിൽ സംസാരിച്ച് ഉറപ്പു വരുത്തിയിട്ടുണ്ടെന്നും ഡീൻ കുര്യാക്കോസ് അറിയിച്ചു.
കൊവിഡ് കാരണം ഇടുക്കി പുറ്റടിയിൽ നടക്കുന്ന ഏലം ലേലം തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സ്പൈസസ് ബോർഡ് വൈസ് ചെയർമാൻ, ബോർഡ് സെക്രട്ടറിക്ക് കത്ത് നൽകിയതോടെയാണ് വിവാദം ഉയർന്നത്. പുറ്റടിയിലെ ലേലം ഒഴിവാക്കാനുള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്ന് ആരോപിച്ച് കർഷക സംഘടനകളും രംഗത്തെത്തിയിരുന്നു. കൊവിഡ് പ്രതിസന്ധി ഇരു സംസ്ഥാനങ്ങളിലും രൂക്ഷമായിരിക്കെ ഇതിന്‍റെ പേരിൽ ഇടുക്കിയിൽ നിന്ന് മാത്രമായി ലേലം മാറ്റാനുള്ള നീക്കം അനുവദിക്കില്ലെന്നായിരുന്നു സംഘടനകളുടെ നിലപാട്.
അതേസമയം കൊവിഡ് പ്രതിസന്ധിക്കിടെ ഏലത്തിന്‍റെ വില കുത്തനെ ഇടിയുകയാണ്. കഴിഞ്ഞ ഒരുവർഷത്തെ ഏറ്റവും കുറഞ്ഞ ശരാശരി വിലയിലാണ് ഇപ്പോൾ ഏലം ലേലം നടക്കുന്നത്. 2019 അഗസ്റ്റിൽ 7000 രൂപയുണ്ടായിരുന്ന ഏലം ഡിസംബറിൽ 1926 രൂപയിലേക്കെത്തി. കഴിഞ്ഞ വർഷം ലോക്ക്ഡൗൺ ആയതോടെ ഏലം വ്യാപാര മേഖലയ്ക്ക് ആഭ്യന്തര വിപണി നഷ്ടമായി.ഇതോടെ കമ്പോളങ്ങളിൽ ഏലയ്ക്ക കെട്ടിക്കിടക്കുന്ന അവസ്ഥ വന്നു. ഈ വർഷം തുടക്കത്തിൽ ശരാശരി 1500 രൂപ വില ഉണ്ടായിരുന്നു. നിലവിൽ 1000 രൂപയിൽ താഴെയാണ് ഏലത്തിന്‍റെ ശരാശരി വില.