ഇടുക്കി: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ റോഡരികിൽ അപകട ഭീഷണി സൃഷ്ടിക്കുന്ന മരങ്ങൾ മുറിച്ച് മാറ്റാൻ നടപടി ആരംഭിച്ചു. മെയ് 18, ഫെബ്രുവരി 28 ദിവസങ്ങളില്‍ ഇതു സംബന്ധിച്ച് ഇടിവി ഭാരത് വാർത്ത നല്‍കിയിരുന്നു. ഇതേ തുടർന്നാണ് അധികൃതരുടെ അടിയന്തര ഇടപെടൽ. വനം വകുപ്പ്, കെഎസ്ഇബി, പഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചു നീക്കുന്നത്. കാലവർഷം മുന്നിൽ കണ്ട് വഴിയരികില്‍ അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചു മാറ്റുവാൻ ഇടുക്കി ജില്ലാ കലക്ടർ നിർദ്ദേശം നൽകിയിരുന്നു.
ALSO READ:അപകട ഭീഷണിയായി റോഡരികില്‍ മരങ്ങൾ; മുറിച്ച് മാറ്റണമെന്ന ആവശ്യം ശക്തം
എന്നാൽ ബന്ധപ്പെട്ട വകുപ്പുകൾ ഇതിനുവേണ്ട നടപടികൾ സ്വീകരിച്ചില്ല. അടിയിലെ മണ്ണ് ഇടിഞ്ഞ് വേരുകൾക്ക് ബലമില്ലാതെ നിൽക്കുന്ന മരങ്ങൾ ഏതു നിമിഷവും നിലം പൊത്താനുള്ള അവസ്ഥയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ വിവിധയിടങ്ങളിൽ മരം വീണ് നിരവധി അപകടങ്ങൾ ഉണ്ടാകുകയും ഒരാൾ മരിക്കുകയും ചെയ്തിട്ടും അധികൃതർ വേണ്ട നടപടി സ്വീകരിക്കാത്തതിനെ സംബന്ധിച്ചും ഇടിവി വാർത്ത നല്‍കിയിരുന്നു.
ALSO READ:യാത്രക്കാർക്ക് ഭീഷണി ഉയർത്തി കുമളി- മൂന്നാര്‍ സംസ്ഥാനപാതയിലെ മരങ്ങൾ
രാജാക്കാട് മൈലാടുംപാറ റൂട്ടിൽ അടിവാരത്തിന് സമീപം നിന്നിരുന്ന വലിയ മരങ്ങൾ വനംവകുപ്പും കെഎസ്ഇബിയും പഞ്ചായത്തും ചേർന്ന് മുറിച്ചുനീക്കി. പൊന്മുടി അടക്കമുള്ള മേഖലകളിൽ മൺതിട്ടകൾക്ക് മുകളിൽ വൻ അപകടഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.