ഇടുക്കി: ക്ഷീര മേഖലയോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയില്‍ പ്രതിഷേധിച്ച് അടിമാലിയിൽ ക്ഷീരകര്‍ഷകർ കൊച്ചി-ധനുഷ്‌കോടി ദേശീയപാത ഉപരോധിച്ചു. പ്രതിഷേധ പ്രകടനമായെത്തിയ സമരക്കാര്‍ ദേശീയപാതയില്‍ കന്നുകാലികളുമായി അണിനിരന്നതോടെ അരമണിക്കൂറിലേറെ ഗതാഗതം സ്തംഭിച്ചു.
ക്ഷീരമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ പാല്‍വില വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് പരിഹാരമാര്‍ഗങ്ങളില്ലെന്ന് അടിമാലി ക്ഷീരോത്പാദക സംഘം പ്രസിഡന്റ് പി ആര്‍ സലികുമാര്‍ പറഞ്ഞു. 2017 ല്‍ പാല്‍വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിച്ച ശേഷം കാലിത്തീറ്റയുടെ വില അഞ്ച് തവണയായി 240 രൂപ വര്‍ധിപ്പിച്ചതായി കര്‍ഷകര്‍ പരാതിപ്പെടുന്നു. പ്രതിസന്ധി താങ്ങാനാവാതെ കര്‍ഷകര്‍ ക്ഷീരമേഖലയില്‍ നിന്നും പിന്തിരിയുകയാണ്. അടിമാലി ഗ്രാമപഞ്ചായത്തില്‍ മൃഗഡോക്‌ടറുടെ സേവനം കാര്യക്ഷമമായി ലഭിക്കുന്നില്ല. പ്രശ്‌ന പരിഹാരത്തിനായി ആശുപത്രിയില്‍ ഒരു മൃഗഡോക്‌ടറെ കൂടി നിയമിക്കാന്‍ നടപടി വേണമെന്നും ക്ഷീരകര്‍ഷകര്‍ ആവശ്യപ്പെട്ടു. ഇരുമ്പുപാലത്ത് നടന്ന പ്രതിഷേധ സമരം ക്ഷീരോത്പാദക സംഘം പ്രസിഡന്റ് പി ആര്‍ സലികുമാര്‍ ഉദ്ഘാടനം ചെയ്തു. സിഎസ് നാസര്‍, പോള്‍ മാത്യു, ബേബി അഞ്ചേരി, കുഞ്ഞപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.