ഇടുക്കി: പീരുമേട്ടിൽ ഇരുപത് വർഷത്തിലധികമായി അടഞ്ഞു കിടക്കുന്ന തേയില തോട്ടങ്ങൾ തുറക്കാൻ പുതിയ സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന പ്രതീക്ഷയിൽ തോട്ടം തൊഴിലാളികൾ. കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെയായി തോട്ടം മേഖലയിൽ പ്രവർത്തിക്കുന്ന വാഴൂർ സോമൻ എംഎൽഎ ആയതും തൊഴിലാളികളുടെ പ്രതീക്ഷ വർധിപ്പിക്കുന്നു.
2000 മുതലാണ് പീരുമേട്ടിലെ തേയില തോട്ടങ്ങളിൽ പ്രതിസന്ധി തുടങ്ങുന്നത്. ലോൺട്രി, ചീന്തലാർ ,ബോണാമി, കോട്ടമല എന്നീ തോട്ടങ്ങളാണ് ഇപ്പോഴും അടഞ്ഞുകിടക്കുന്നത്. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് തൊഴിൽ വകുപ്പു മന്ത്രി പലതവണ തോട്ടങ്ങൾ സന്ദർശിച്ചിരുന്നു. തോട്ടം ഉടമകളുമായും തൊഴിലാളി നേതാക്കളുമായും പല തവണ ചർച്ച നടത്തിയെങ്കിലും നടപടികൾ ഒന്നും ഉണ്ടായില്ല.
READ MORE: കോഴിക്കോട് മെഡിക്കൽ കോളജില്‍ കൊവിഡ് രോഗിയുടെ മൃതദേഹം മാറി നല്‍കി
എന്നാൽ ഇത്തവണ വാഴൂർ സോമൻ എംഎൽഎ ആയതോടെ തോട്ടം പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാകുമെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ. 1996 നു ശേഷം ആദ്യമായാണ് തോട്ടം മേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾ പീരുമേട്ടിൽ നിന്ന് ജനപ്രതിനിധി ആകുന്നത്. തുറക്കാത്ത തോട്ടങ്ങൾ സർക്കാർ ഏറ്റെടുക്കുകയോ സൊസൈറ്റി രൂപീകരിച്ച് നടത്തുകയോ വേണമെന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം. പ്രവർത്തിക്കുന്ന തോട്ടങ്ങളിൽ പോലും തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം നൽകാത്തതിനാൽ പലയിടങ്ങളിലും സമരങ്ങളും നടക്കുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കാണാൻ രണ്ടാം ഇടതുമുന്നണി സർക്കാർ ഇടപെടുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.
READ MORE: ബ്ലാക്ക് ഫംഗസ്; ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്