ഇടുക്കി: ഭൂമിവിഷയത്തില്‍ സി.പി.എമ്മും ഇടതുപക്ഷവും കോണ്‍ഗ്രസിനെതിരെയും അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിനെതിരേയും വ്യാജ പ്രചാരണം നടത്തുകയാണെന്ന് ഇടുക്കി കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ കേരളത്തില്‍ ഒരിടത്തും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമില്ലായിരുന്നു. ഭൂമിവിഷയങ്ങള്‍ പരിഹരിക്കുന്നത് വരെ സമരങ്ങളുമായി മുമ്പോട്ട് പോകുമെന്നും കോണ്‍ഗ്രസ് ഇടുക്കി ജില്ലാ നേതൃത്വം വ്യക്തമാക്കി.
ഇടുക്കിയിലെ ഭൂമി പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കിയത് കോണ്‍ഗ്രസും മുന്‍ എം.പിയും അന്തരിച്ച കോണ്‍ഗ്രസ് നേതാവുമായ പിടി തോമസുമാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെകെ ജയചന്ദ്രന്‍ പറഞ്ഞത്. ഇതിന് മറുപടിയുമായാണ് കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരുക്കുന്നത്. നിര്‍മാണ നിരോധനം കൊണ്ടുവരുന്നതിന് പി. ടി തോമസ് എന്ത് ചെയ്തുവെന്ന് ഇടത് നേതാക്കള്‍ വ്യക്തമാക്കണം. അന്തരിച്ച നേതാവിനും കോണ്‍ഗ്രസിനുമെതിരെ സി പി എമ്മും ഇടതുപക്ഷവും വ്യാജ പ്രചാരണം നടത്തുകയാണെന്നും രാജാക്കാട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
ഭൂമിനിയമ ഭേദഗതി ഉണ്ടാകുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് ഡിസിസി തീരുമാനമെന്നും നേതാക്കള്‍ വ്യക്തമാക്കി. എല്ലാ ജില്ലകളിലും സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കെതിരെ കോണ്‍ഗ്രസ് സമരം ശക്തമാക്കുമ്പോള്‍ ഇടുക്കിയില്‍ ഭൂമി വിഷയങ്ങള്‍ ഏറ്റെടുത്ത് സമരവുമായി മുമ്പോട്ട് പോകാനാണ് കോണ്‍ഗ്രസ് തീരുമാനം.
Also Read: പട്ടയം റദ്ദ് ചെയ്യല്‍: സര്‍ക്കാരിനെതിരെ എം ഐ രവീന്ദ്രന്‍ കോടതിയിലേക്ക്