ഇടുക്കി: മുന്‍ എം.എല്‍.എ എസ് രാജേന്ദ്രനെതിരേ സി.പി.എം ജില്ലാ നേതൃത്വവും രംഗത്ത്. അന്വേഷണം നടക്കുന്നു എന്ന് കരുതി മാറി നില്‍ക്കേണ്ടതില്ലെന്നാണ് ജില്ല നേതൃത്വത്തിന്‍റെ അഭിപ്രായം. കമ്മിറ്റികളില്‍ നിന്നും പരിപാടികളില്‍ നിന്നും മാറി നില്‍ക്കുന്ന രാജേന്ദ്രന്‍റെ നടപടി തെറ്റാണെന്നും സിപിഎം ഇടുക്കി ജില്ല സെക്രട്ടറി കെ.കെ ജയചന്ദ്രൻ പറഞ്ഞു.
എസ് രാജേന്ദ്രൻ നടപടി നേരിടേണ്ടി വരുമെന്ന് എം.എം മണി പറഞ്ഞത് പാര്‍ട്ടി ഭരണഘടനയ്ക്കും പരിപാടിക്കും വിധേയമായാണെന്നും ജയചന്ദ്രന്‍ വ്യക്തമാക്കി. ദേവികുളത്തെ തെരഞ്ഞെടുപ്പ് വീഴ്ചയുമായി ബന്ധപ്പെട്ട് മുന്‍ എം.എല്‍.എ എസ് രാജേന്ദ്രനെതിരേ സി.പി.എം അന്വേഷണ കമ്മിഷന്‍ അന്വേഷണം നടക്കുകയാണ്.
Also Read: ഒമിക്രോണിൽ ആശ്വാസം; എറണാകുളം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേർ നെഗറ്റീവ്
എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് സമ്മേളനങ്ങള്‍ കഴിഞ്ഞ് മതിയെന്നാണ് ജില്ല നേതൃത്വം തീരുമാനമെടുത്തിരിക്കുന്നത്. രാജേന്ദ്രന്‍റെ നടപടിക്കെതിരെ കഴിഞ്ഞ ദിവസം എം.എം മണി എംഎല്‍എ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. പാര്‍ട്ടി സമ്മേളനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നതിന് നടപടി നേരിടേണ്ടിവരുമെന്നാണ് എം.എം മണി മറയൂര്‍ സമ്മേളനത്തില്‍ പറഞ്ഞത്.
പാര്‍ട്ടിയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്യേണ്ടത് പൊതുവായി പറയുന്നത് ശരിയല്ലെന്ന് കഴിഞ്ഞ ദിവസം എം.എം മണിക്ക് മറുപടിയായി എസ് രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു. പാര്‍ട്ടി പുറത്താക്കിയാലും പാര്‍ട്ടിയായി തുടരുമെന്നാണ് കഴിഞ്ഞ ദിവസം രാജേന്ദ്രന്‍ പ്രതികരിച്ചത്.