ഇടുക്കി: വിവാദ പ്രസ്‌താവനയിൽ ഇ എസ് ബിജിമോൾക്കെതിരെ വിശദീകരണം തേടുമെന്ന് സിപിഐ. നേതൃത്വത്തിനെതിരായ പ്രസ്‌താവനയിലാണ് വിശദീകരണം ആവശ്യപെടുക. തന്നെ ജില്ല സെക്രട്ടറി ആക്കാനുള്ള തീരുമാനം ജില്ല നേതൃത്വം അട്ടിമറിച്ചുവെന്നായിരുന്നു ബിജിമോളുടെ വിമർശനം.
സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇ എസ് ബിജിമോൾ പരാജയപ്പെട്ടിരുന്നു. ഇതേ തുടർന്ന് ബിജിമോൾ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റാണ് വിവാദമായത്. പാർട്ടിയിൽ പുരുഷാധിപത്യമാണെന്നും വനിത സെക്രട്ടറി വേണമെന്ന എന്‍എഫ്‌ഐഡബ്ലൂവിന്റെ ആവശ്യം പോലും അംഗീകരിച്ചില്ല എന്ന് ചുണ്ടികാട്ടിയായിരുന്നു പോസ്റ്റ്.
പുരോഗമനവാദികൾ എന്ന് പറയുന്ന പല രാഷ്‌ട്രീയ പാർട്ടികളുടെയും നിലപാട് സ്‌ത്രീവിരുദ്ധമാണെന്നും സൂചിപ്പിച്ചിരുന്നു. ഇത്തരം പരാമർശങ്ങളിലാണ് ജില്ലാ കൗൺസിൽ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. മുൻപും പലതവണ വിവാദ പ്രസ്‌താവനകളിലൂടെ ബിജിമോൾ പാർട്ടിയെ സമ്മർദത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ വിജയിച്ചപ്പോൾ, മന്ത്രി ആകാതിരുന്നത് തനിക്കു ഗോഡ്‌ഫാദർ ഇല്ലാത്തതിനാലാണ് എന്നതടക്കമുള്ള പ്രസ്താവനകൾ പാർട്ടിയെ പ്രതിരോധത്തിലാഴ്ത്തിയിരുന്നു.