ഇടുക്കി: രവീന്ദ്രൻ പട്ടയം റദ്ദാക്കിയ നടപടിക്കെതിരെ സിപിഐ ഇടുക്കി ജില്ല സെക്രട്ടറി കെകെ ശിവരാമൻ രംഗത്ത്. 1996 ല്‍ അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാരിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് എംഎ രവീന്ദ്രൻ പട്ടയ നടപടികൾ പൂർത്തീകരിച്ചതെന്ന് കെകെ ശിവരാമൻ പറഞ്ഞു.
സർക്കാർ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ അന്നത്തെ കലക്‌ടർ പത്മനാഭൻ നിയോഗിച്ച ആളാണ് എംഎ രവീന്ദ്രൻ. അതുകൊണ്ട് തന്നെ അന്ന് പട്ടയം വാങ്ങിയവരും എംഎ രവീന്ദ്രനും ഇതിൽ കുറ്റവാളി ആകുന്നില്ല എന്നും ശിവരാമൻ പറഞ്ഞു.
അര്‍ഹതപ്പെട്ടവര്‍ക്കുള്ള പട്ടയം റഗുലറൈസ് ചെയ്യണമെന്നും അനര്‍ഹരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും, റദ്ദാക്കാതെ തന്നെ എല്ലാ പട്ടയങ്ങളും പരിശോധിക്കണമെന്നും കെകെ ശിവരാമൻ കൂട്ടിച്ചേർത്തു.
അതേസമയം പട്ടയം വാങ്ങിച്ചവര്‍ ആരും കുറ്റക്കാരല്ലെന്ന് മുന്‍ എം.എല്‍.എയും കോൺഗ്രസ് നേതാവുമായ എകെ മണിയും പ്രതികരിച്ചു. രവീന്ദ്രന്‍ പട്ടയം ലഭിച്ചവര്‍ക്ക് പകരമായി സര്‍ക്കാര്‍ പട്ടയം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം രവീന്ദ്രൻ പട്ടയം റദ്ദാക്കാനുള്ള സർക്കാർ തീരുമാനം വ്യാപകമായ അഴിമതിക്ക് വേണ്ടിയാണെന്ന് ഡീൻ കുര്യാക്കോസ് എം.പി ആരോപിച്ചു. രവീന്ദ്രൻ പട്ടയം ഒന്നാകെ റദ്ദു ചെയ്തത് ദുരുദ്ദേശപരമായ തീരുമാനമാണ്. ഇടുക്കി ജില്ലയിൽ ജീവിക്കാൻ കഴിയാത്ത സ്ഥിതി ഉണ്ടാക്കുകയാണ് സർക്കാരെന്നും അദ്ദേഹം ആരോപിച്ചു.
കരിനിയമങ്ങൾ ഒന്നൊന്നായി ഇറക്കി സർക്കാർ കർഷകരെ കബളിപ്പിക്കുകയാണ്. മുമ്പ് നിർമ്മാണ നിരോധന ഉത്തരവിറക്കിയതും എൽ.ഡി.എഫ് സർക്കാരാണ്. അതിനാൽ തന്നെ ഇപ്പോഴത്തെ നിലപാട് കാപട്യമാണെന്നും ഡീൻ കുര്യാക്കോസ് കൂട്ടിച്ചേർത്തു.