ഇടുക്കി: ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തി പ്രദേശമുള്‍പ്പെടെ ജില്ലയുടെ എല്ലാ മേഖലകളിലും പരിശോധന ശക്തമാക്കുമെന്ന് ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരും കര്‍ശന ക്വാറന്‍റൈന്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് അന്വേഷിക്കും. പൊതുജനങ്ങള്‍ സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍ തുടങ്ങിയ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നും പരിശോധിക്കും.വ്യാപാര സ്ഥാപനങ്ങള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളും നിരീക്ഷിക്കും .
പൊലീസ്, റവന്യു വകുപ്പുകളുടെ പ്രത്യേക ടീമുകള്‍ പരിശോധന നടത്തുകയും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. താലൂക്ക് തലത്തില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരുടെ നേതൃത്വത്തിലാണ് ടീം പ്രവര്‍ത്തിക്കുന്നത്. കുമളി അതിര്‍ത്തി വഴി ഇതര സംസ്ഥാനത്തു നിന്നും ആളുകള്‍ കൂടുതലായി എത്തുന്നുണ്ട്. അന്തര്‍ സംസ്ഥാന വിഷയമായതുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ മാര്‍ഗ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പാസുകള്‍ ലഭ്യമാകുന്നത്. ഓട്ടോ അപ്രൂവല്‍ ആയതു കൊണ്ട് അപേക്ഷ നല്‍കിയാലുടന്‍ അനുമതി ലഭിക്കും.
എങ്കിലും ഇവിടേക്ക് എത്തുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കുന്നുണ്ട്. കുമളി വഴി എത്തുന്ന എല്ലാവരുടെയും വിവരങ്ങള്‍ അതത് പ്രദേശത്തെ ആരോഗ്യ, പൊലീസ് വിഭാഗങ്ങളെ അപ്പോള്‍ തന്നെ അറിയിക്കുകയും വേണ്ട നടപടികള്‍ കൃത്യമായി സ്വീകരിക്കുകയും ചെയ്തു വരുന്നതായും ജില്ലാ കലക്ടര്‍ അറിയിച്ചു.