ഇടുക്കി: ഇടുക്കി രൂപതാ അധ്യക്ഷൻ ഉൾപ്പെടെ ജില്ലയിൽ 49 പേർക്ക് കൂടി കൊവിഡ് 19നെന്ന് ജില്ലാ കലക്‌ടര്‍. 29 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഇതിൽ ആലക്കോട് കലയന്താനി സ്വദേശി(52), ഉപ്പുതറ സ്വദേശികൾ (36, 60), വാഴത്തോപ്പ് മുളകുവള്ളി സ്വദേശിനി(22), വണ്ണപ്പുറം സ്വദേശി (62), എന്നിവരുടെ ഉറവിടം വ്യക്‌തമല്ല.
രാജകുമാരി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ സ്ഥിതി ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ഈ മാസം ഒൻപതാം തീയ്യതി മുരിക്കുംതൊട്ടിയിൽ നടന്ന വിവാഹത്തെ തുടർന്ന് ഇതുവരെ 16 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇടുക്കി രൂപതാ അധ്യക്ഷൻ ഉൾപ്പെടെ അഞ്ച് വൈദികർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചത് വിവാഹത്തിൽ പങ്കെടുത്തവരുമായുള്ള സമ്പർക്കത്തിലൂടെയാണ്. വിവാഹത്തെ തുടർന്ന് നവവരൻ ഒഴികെ ഒരു കുടുംബത്തിലെ 14 പേർ ഇതുവരെ രോഗബാധിതരായി.
വിവാഹത്തിൽ പങ്കെടുക്കാൻ കോട്ടയത്തും നിന്നും എത്തിയ ഇതേ കുടുംബത്തിലെ വൈദികനിൽ നിന്നുള്ള സമ്പർക്കത്തിലൂടെയാണ് മറ്റുള്ളവർക്കും രോഗബാധ ഉണ്ടായത് എന്നാണ് പ്രഥമിക നിഗമനം. രാജകുമാരി പഞ്ചായത്തിലെ എട്ടാം വാർഡ് മുരിക്കുംതൊട്ടിയിൽ രോഗബധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിരിക്കുന്നത്. കണ്ടെയിമെന്‍റ് സോൺ ആയി പ്രഖ്യാപിച്ച വാർഡിലെ എട്ടോളം ഗ്രാമീണ റോഡുകൾ അടച്ചു. ഇതര സംസ്ഥാനത്ത് നിന്നും എത്തിയ 19 പേർക്കും വിദേശത്ത് നിന്നും എത്തിയ ഒരാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ഇന്ന് 36 പേർ കൊവിഡ് രോഗമുക്തരായി.