ഇടുക്കി: ജില്ലയിൽ ആറാമതായി കൊവിഡ് 19 സ്ഥിരീകരിച്ച രോഗിയുടെ സഞ്ചാരപദം ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. നിസാമുദീൻ തബ്‌ലീഗ് സമ്മേളനത്തിന് പോയി മടങ്ങിയ തൊടുപുഴ സ്വദേശിയുടെ സഞ്ചാരപദമാണ് പുറത്തുവിട്ടത്. ഡൽഹിയിലെ തബ്‌ലീഗിൽ പങ്കെടുത്ത് 23ന് തിരിച്ചെത്തിയ തൊടുപുഴ കുമ്മങ്കൽ സ്വദേശിയുടെ സഞ്ചാരപദമാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ടത്.
കഴിഞ്ഞ 7-ാം തിയതി മുതൽ 31 വരെയുള്ള റൂട്ട് മാപ്പാണ് പുറത്തുവന്നത്. സമ്മേളനത്തിൽ പങ്കെടുത്ത് 21ന് മംഗളാ ലക്ഷദ്വീപ് ട്രെയിനിൽ നിസാമുദീനിൽ നിന്ന് ഇയാൾ 23ന് ആലുവയിൽ വന്നിറങ്ങി. ഈ മൂന്ന് ദിവസം അഞ്ചാം നമ്പർ സ്‌ലീപ്പർ കോച്ചിലാണ് യാത്ര ചെയ്തത്. 31ന് രോഗലക്ഷണം കണ്ടതോടെ സ്രവ പരിശോധനക്ക് വിധേയമാക്കി. അന്ന് തന്നെ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടർന്നു. ഇന്നലെയാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്.
ജില്ലയിൽ 2946 പേർ നിരീക്ഷണത്തിലാണ്. ഇതിൽ പത്തുപേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. ജില്ലയിൽ ഇന്ന് രോഗം ഭേദമായ രണ്ടു പേർ ആശുപത്രി വിട്ടു. മൂന്നാമതായി രോഗം സ്ഥിരീകരിച്ച പൊതുപ്രവർത്തകനും, രണ്ടാമതായി രോഗം പിടിപെട്ട കുമാരമംഗലം സ്വദേശിയും രോഗം ഭേദമായതോടെ ആശുപത്രി വിട്ടു. ഇത് ആരോഗ്യ വകുപ്പിന് പ്രതീക്ഷ നൽകുന്നു.