ഇടുക്കി: കൊവിഡ് ബാധിച്ച് മരിച്ച പുല്ലുമേട് സ്വദേശിയുടെ സംസ്‌ക്കാരവുമായി ബന്ധപ്പെട്ട് കള്ളപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അയ്യപ്പന്‍ കോവില്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍. ആഴത്തില്‍ കുഴിയെടുത്തല്ല മൃതദേഹം സംസ്‌കരിച്ചതെന്നും അപകാതയുണ്ടെന്നുമാണ് പ്രചാരണം. എന്നാല്‍ ഇത് വസ്‌തുതാ വിരുദ്ധമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ എല്‍ ബാബു പറഞ്ഞു. കൊവിഡ് ബാധിച്ച് മരിച്ച പുല്ലുമേട് സ്വദേശി നാരായണന്‍റെ മൃതദേഹം സംസ്‌കരിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം ഉയര്‍ന്ന് വന്നിരിക്കുന്നത്.
മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സംസ്‌കരിച്ചതെന്നും ആശങ്കവേണ്ടെന്നും പഞ്ചായത്ത് പ്രസിഡന്‍റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നാരായണന്‍ ജൂലൈ 14 ന് കുടുംബസമേതം തമിഴ്‌നാട്ടില്‍ നിന്നും കാറില്‍ പുല്ലുമേട്ടിലെ വീട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ശ്രവപരിശോധനയില്‍ ഇയാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച നാരായണന്‍ ഗുരുതരാവസ്ഥയിലായതോടെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകും വഴി മരിച്ചു.
മൃതദേഹം പഞ്ചായത്തിന്‍റെ പൊതു ശ്‌മശാനത്തില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംസ്‌ക്കരിക്കണമെന്ന് ജില്ലാ കലക്‌ടര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ഇതുപ്രകാരം പുല്ലുമേട് പൊതുശ്‌മശാനത്തില്‍ സംസ്‌ക്കാരം നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ പാറക്കെട്ട് നിറഞ്ഞ ശ്‌മശാനത്തില്‍ ജെസിബി ഉപയോഗിച്ച് പോലും കുഴിയെടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് പച്ചക്കാട്ടിലുള്ള പൊതുശ്‌മശാനത്തില്‍ സംസ്‌ക്കാരം നടത്താന്‍ അധികൃതര്‍ തീരുമാനിച്ചു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജെസിബി ഉപയോഗിച്ച് ആഴത്തിലുള്ള കുഴിയെടുത്തു. മെഡിക്കല്‍ ഓഫീസറും ആരോഗ്യപ്രവര്‍ത്തകരും പൊലീസും പരിശോധന നടത്തിയതിന് ശേഷം സംസ്‌കാരം നടത്തി.
സംസ്‌കരിക്കാനായി തയ്യാറാക്കിയ കുഴിക്ക് ആഴമില്ലെന്ന ആരോപണത്തില്‍ കഴമ്പില്ല. അതിനാല്‍ തന്നെ കള്ള പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പ്രസ്‌താവനയില്‍ വ്യക്തമാക്കി. പരേതന് പുല്ലുമേട്ടില്‍ സ്ഥലമുണ്ടെങ്കിലും വഴി സൗകര്യമില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.