ഇടുക്കി: രാജാക്കാട് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസമാകുന്നു. ഒരു മാസമായി കൊവിഡ് വ്യാപനവും ഉറവിടമില്ലാത്ത കേസുകളും വർധിച്ച് വന്നിരുന്ന സാഹചര്യത്തിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. ജില്ലയിലെ ആദ്യത്തെ കൊവിഡ് മരണം ഉള്‍പ്പെടെ രണ്ട് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തത് രാജാക്കാട്ടിലാണ്. ഇതോടെ രാജാക്കാട് മേഖല കൊവിഡ് രോഗവ്യാപനത്തിന്‍റെ ഭയത്തിലായിരുന്നു. രാജാക്കാട്ടില്‍ രോഗ വ്യാപനം നിയന്ത്രണ വിധേയമായെന്നും മൂന്ന് ദിവസമായി റിപ്പോർട്ട് ചെയ്യുന്ന കേസുകൾ കുറവായത് ശുഭലക്ഷണമാണെന്നും ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു.
വാര്‍ഡ് തലത്തിലും, റാൻഡം പരിശോധനയിലൂടെയും ആരോഗ്യ വകുപ്പിന്‍റെ കർക്കശ നിലപാടും ജനങ്ങളുടെ ജാഗ്രതയുമാണ് രോഗവ്യാപനത്തെ നിയന്ത്രിക്കാനായത്. രോഗവ്യാപനത്തിന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ പഞ്ചായത്ത് കണ്ടൈയ്‌ൻമെന്‍റ് സോണായി കലക്‌ടർ പ്രഖ്യാപിച്ചിരുന്നു. പിന്നീട് പഞ്ചായത്തിലെ ആറ് വാര്‍ഡുകൾ ട്രിപ്പിള്‍ ലോക്ക് ഡൗണിലായി. രോഗം സമൂഹ വ്യാപനത്തിലേക്ക് വഴിവെക്കുമെന്ന ഘട്ടം മനസിലാക്കി കേസുകൾ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്‌ത 2, 6, 10 എന്നീ വാര്‍ഡുകള്‍ കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ച് കര്‍ശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. പഞ്ചായത്ത് അതിര്‍ത്തികളും ഇടവഴികളും അടച്ച് പ്രധാന റോഡായ കുഞ്ചിത്തണ്ണി രാജകുമാരി മാത്രമാണ് ഗതാഗതത്തിനായി അനുവദിച്ചത്. ആഴ്‌ചയിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ അവശ്യ സേവനങ്ങൾക്ക് കച്ചവട സ്ഥാപനങ്ങൾ രണ്ട് മണിക്കൂർ തുറക്കാന്‍ മാത്രം അനുമതി നല്‍കി.
എന്‍.ആര്‍ സിറ്റിയില്‍ ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ച വീട്ടമ്മയുടെ പരിശോധനയിലാണ് മേഖലയിൽ ആദ്യമായി കൊവിഡ് കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഫലമറിയാവുന്ന ആന്‍റിജൻ പരിശോധന മരണമടഞ്ഞ വീട്ടമ്മയുമായുള്ള സമ്പര്‍ക്കത്തിലുള്ളവര്‍ക്കും,പിന്നീട് വിവിധ വാര്‍ഡ് കേന്ദ്രങ്ങളിലും ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തി. തൊഴില്‍ മേഖലയിൽ ഓരോ വിഭാഗങ്ങളായി തിരിച്ച് പരിശോധന നടത്തി. ഇങ്ങനെ വിവിധ രീതികളില്‍ പരിശോധനകള്‍ നടത്തി രോഗികളെ കണ്ടെത്തി ഐസൊലേഷനിലും, ക്വാറന്‍റൈനിലുമാക്കി. ഇപ്പോള്‍ ആരോഗ്യ വകുപ്പിന്‍റെ പരിശോധനകളില്‍ കണ്ടെത്താനാവാതെ ഒറ്റപ്പെട്ട രോഗികള്‍ ഉണ്ടോയെന്നറിയാനുള്ള റാപ്പിഡ് ടെസ്റ്റും നടത്തിവരികയാണ്. രാജാക്കാട്ടില്‍ ഇതുവരെ 616 ആന്‍റിജൻ പരിശോധനകളും 534 ആര്‍ടിപിസിആര്‍ ടെസ്റ്റും നടത്തി. പരിശോധനയുടെ അടിസ്ഥാനത്തില്‍ 1150 പേരെ ക്വാറന്‍റൈനിലാക്കി രോഗവ്യാപനം തടഞ്ഞു. പരിശോധനയിൽ 70 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചു. ഇതില്‍ ഏഴ് പേര്‍ മാത്രമാണ് വിദേശത്ത് നിന്നും എത്തിയത്. 23 പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ട്. കഴിഞ്ഞ ദിവസം 22 പേരുടെ ആന്‍റിജൻ പരിശോധന നടത്തിയെങ്കിലും പോസിറ്റീവ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
ആകെ 29 പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ഇത്തരത്തിലുള്ള പരിശ്രമത്തിലൂടെയാണ് രാജാക്കാട് മേഖലയില്‍ സമൂഹ വ്യാപനത്തിന് സാധ്യതയുള്ള കൊവിഡ് രോഗത്തെ ആരോഗ്യ വകുപ്പ് നിയന്തണവിധേയമാക്കിയത്. ഇരുപതിനായിരത്തോളമാണ് രാജാക്കാട്ടിലെ ജനസംഖ്യ. ഇതര സംസ്ഥാന തൊഴിലാളികളും, അയല്‍ സംസ്ഥാനത്ത് നിന്നുള്ള വ്യാപാരികളും, താൽകാലിക താമസക്കാരും ഉള്‍പ്പെടെ അയ്യായിരത്തോളം പേര്‍ വേറെയും ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഈ സാഹചര്യത്തിലാണ് രോഗികളെ നേരത്തെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനും, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്‌തിയില്‍ എത്തിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാനും ആരോഗ്യവകുപ്പിന് കഴിഞ്ഞത്.
എന്‍ആര്‍എച്ച്എം വിഭാഗം ഉള്‍പ്പെടെ 40 ആരോഗ്യപ്രവര്‍ത്തകരാണ് വിശ്രമമില്ലാതെ രാജാക്കാട് മേഖലയില്‍ പ്രവര്‍ത്തിച്ചത്. സേവനങ്ങള്‍ക്കിടയില്‍ നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലൂടെ രോഗമുക്തി നേടിയ ഇവർ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഇത്തരത്തിലുള്ള പ്രതികൂല സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനമാണ് ഫലവത്തായിരിക്കുന്നത്. കൊവിഡ് രാജാക്കാട്ടില്‍ നിന്നും പൂർണമായും ഇല്ലാതാക്കുന്നത് വരെ സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായി തുടരുമെന്ന നിശ്ചയദാര്‍ഢ്യത്തിലാണ് ആരോഗ്യ പ്രവർത്തകർ.