ഇടുക്കി: അടിമാലി പഞ്ചായത്ത് പരിധിയില്‍ ശനിയാഴ്‌ച മുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സർവകക്ഷി യോഗത്തില്‍ തീരുമാനം. നാളെ മുതല്‍ ആറ് ദിവസത്തേക്കാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തവര്‍ക്കെതിരെയും നിർദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും പൊലീസും പഞ്ചായത്തും ആരോഗ്യവകുപ്പും കര്‍ശന നടപടി സ്വീകരിക്കും. അടിമാലിയില്‍ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
വ്യാപാരസ്ഥാപനങ്ങൾക്ക് വൈകിട്ട് ആറ് മണിവരെ തുറന്ന് പ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍ നിന്ന് പാഴ്‌സലുകള്‍ മാത്രം ലഭ്യമാക്കും. രാത്രി എട്ട് വരെ ഹോട്ടലുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം. രാത്രികാല തട്ടുകടകള്‍ക്ക് പ്രവർത്തിക്കാൻ അനുവാദമില്ല. ബേക്കറികള്‍ ആറുമണിവരെ പ്രവര്‍ത്തിക്കാം. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. വ്യാപാരസ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും കൈകള്‍ അണുവിമുക്തമാക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തണം. നിർദേശങ്ങളോട് ആളുകള്‍ പരമാവധി സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു. അടിമാലിയിൽ ഇതുവരെ 42 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. കഴിഞ്ഞ രണ്ടാഴ്‌ചക്കുള്ളിൽ 16 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.