ഇടുക്കി: കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് തര്‍ക്കം സംബന്ധിച്ച കേസില്‍ വിധി പറയുന്നത് കട്ടപ്പന സബ് കോടതി നാളത്തേക്ക് മാറ്റി. ജോസ് കെ. മാണി പാര്‍ട്ടി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത് തടഞ്ഞ് ഇടുക്കി മുന്‍സിഫ് കോടതി ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ ജോസഫ് വിഭാഗം സമര്‍പ്പിച്ച അപ്പീലിലാണ് കട്ടപ്പന കോടതി നാളെ വിധി പറയുന്നത്.
പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ക്കിടെ ജോസ് കെ മാണി വിഭാഗം കഴിഞ്ഞ ജൂണില്‍ കോട്ടയത്ത് വിളിച്ച് കൂട്ടിയ സംസ്ഥാന കമ്മിറ്റിയിൽ ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തിരുന്നു.തുടർന്ന് തെരഞ്ഞെടുപ്പ് നിയമവിരുദ്ധമെന്ന് കാണിച്ച് ജോസഫ് വിഭാഗം തൊടുപുഴ മുന്‍സിഫ് കോടതിയെ സമീപിച്ചു. തൊടുപുഴ കോടതി ജോസ് കെ. മാണി പാര്‍ട്ടി ചെയര്മാന്റെ അധികാരം പ്രയോഗിക്കുന്നത് സ്റ്റേ ചെയ്തു. വിശദമായി വാദം കേള്‍ക്കുന്നതിനിടെ തൊടുപുഴ മുന്‍സിഫ് കോടതി ജഡ്ജികേസില്‍ നിന്ന് പിന്മാറി. ഇതോടെ ഇടുക്കി മുന്‍സിഫ് കോടതിയിലേക്ക് കേസ് എത്തി.
ഒരു മാസം നീണ്ട വാദത്തിനൊടുവില്‍ തൊടുപുഴ കോടതിയുടെ സ്റ്റേ നിലനില്‍ക്കുമെന്ന് ഇടുക്കി മുന്‍സിഫ് കോടതി അറിയിച്ചു. ഇതിനെതിരെ ജോസ് കെ. മാണിയും കെ.എ. ആന്റണിയും കട്ടപ്പന സബ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിെട ജോസഫ് വിഭാഗം നാളെ തിരുവനന്തപുരത്ത് നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം വിളിച്ചിരിക്കുകയാണ്.