ഇടുക്കി: ശ്രീനാരായണപുരത്ത് ഡിടിപിസിയുടെ സ്ഥലം കയ്യേറി സ്വകാര്യ വ്യക്തിയുടെ സിപ്പ് ലൈന്‍ നിര്‍മാണം. ഡിടിപിസിയുടെ നിരോധന ഉത്തരവും റവന്യൂ, പൊലീസ് വകുപ്പുകളുടെ മുന്നറിയിപ്പും അവഗണിച്ചാണ് നിര്‍മാണം നടക്കുന്നത് എന്നാണ് ആരോപണം. മുൻ മന്ത്രിയും നിലവില്‍ എംഎല്‍എയുമായ എംഎം മണിയുടെ ബന്ധുക്കളാണ് സിപ്പ് ലൈന്‍ നിര്‍മാണം നടത്തുന്നതെന്നും കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുന്നുണ്ട്.
രാജാക്കാട് ശ്രീനാരായണപുരം റിപ്പിള്‍ വെള്ളച്ചാട്ടത്തിന് സമീപം കഴിഞ്ഞ വര്‍ഷം മുതല്‍ ഡിടിപിസിയുടെ നേതൃത്വത്തില്‍ സിപ്പ് ലൈന്‍ സര്‍വീസ് ആരംഭിച്ചിരുന്നു. ഇതിനോട് ചേര്‍ന്ന് തന്നെയാണ് സ്വകാര്യ വ്യക്തിയുടെ സിപ്പ് ലൈന്‍ നിര്‍മാണം. സംഭവത്തെ തുടര്‍ന്ന് ഡിടിപിസി അധികൃതർ സ്ഥലമുടമയ്‌ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി.
എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തി നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി സ്വകാര്യ വ്യക്തി മുന്നോട്ട് പോയതോടെ ഡിടിപിസി പൊലീസില്‍ പരാതി നല്‍കി. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് ഇടപെട്ടു. ഇതോടെ നിര്‍മാണം നിര്‍ത്തി വച്ചു. എന്നാല്‍ മാര്‍ച്ച് 28ന് ഡിടിപിസി ജീവനക്കാര്‍ വിനോദ യാത്രയ്‌ക്ക് പോയ ദിവസം രാത്രി സിപ്പ് ലൈന്‍ നിര്‍മാണം വീണ്ടും ആരംഭിച്ചു.
സംഭവത്തെ തുടര്‍ന്ന് ജില്ല കലക്‌ടര്‍ പൊലീസില്‍ വിവരം അറിയിക്കുകയും രാജാക്കാട് പൊലീസെത്തി നിര്‍മാണം തടയുകയും ചെയ്‌തിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുഴുവന്‍ ഉത്തരവുകളും മറികടന്ന് നിര്‍മാണം പുരോഗമിക്കുകയാണ് എന്നാണ് പരാതി. ഡിടിപിസിയുടെ സിപ്പ് ലൈനിന് ഭീഷണിയുയര്‍ത്തിയാണ് സ്വകാര്യ വ്യക്തിയുടെ സിപ്പ് ലൈന്‍ നിര്‍മാണം എന്നും ആരോപണമുണ്ട്.
സിപ്പ് ലൈനിന് സമീപം വാച്ച് ടവര്‍ നിര്‍മാക്കാനും ഡിടിപിസി പദ്ധതിയിട്ടിരുന്നു. ഈ പദ്ധതിയ്‌ക്ക് തടസം സൃഷ്‌ടിച്ചിരിക്കുകയാണ് സ്ഥലം കയ്യേറിയുള്ള സിപ്പ് ലൈന്‍ നിര്‍മാണം.