ഇടുക്കി: ഇടുക്കിയില്‍ അനുമതിയില്ലാതെ വന്‍തോതിൽ കുഴല്‍ കിണര്‍ നിര്‍മ്മാണം നടക്കുന്നതായി ആരോപണം. അമിതമായ കുഴല്‍ കിണര്‍ നിര്‍മ്മാണം ഭൂചലന സാധ്യത വർധിപ്പിക്കുന്നുണ്ടോയെന്ന് പഠനം നടത്തണമെന്നും ഇത്തരം നിർമാണം തടയണമെന്നുമുള്ള ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ രണ്ട് മാസങ്ങൾക്കിടയിൽ മലയോര മേഖലയുടെ പല ഭാഗങ്ങളിലായി ആയിരക്കണക്കിന് കുഴൽ കിണറുകളാണ് പാറ തുരന്ന് നിർമ്മിച്ചത്.
മലയോര മേഖലയിൽ തുടർച്ചയായി ഉണ്ടാകുന്ന ഭൂചലനങ്ങൾ ജനങ്ങളെ ആശങ്കയിലാക്കിയതിന് പിന്നാലെയാണ് മതിയായ അനുമതിയില്ലാതെ നടക്കുന്ന ഭൂഗർഭജല ചൂഷണം ഭൂചലനത്തിന് ഇടവരുത്തുമെന്ന ആരോപണം ശക്തമായത്. കുഴൽ കിണറുകളുടെ നിർമ്മാണം മുൻവർഷങ്ങളെക്കാൾ വ്യാപകമാണ്. ഭൂമിയുടെ സന്തുലിതാവസ്ഥയ്ക്ക് തകരാർ വരുത്തുന്ന രീതിയിൽ ആഴത്തിലുള്ള കുഴൽക്കിണറുകൾ ഭൂചലനത്തിന് കാരണമാകുന്ന ഘടകമാണോയെന്ന് പരിശോധിക്കണമെന്നും എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രിന്‍സ് മാത്യു ആവശ്യപ്പെട്ടു.
ആയിരം അടിക്ക് മുകളിലുള്ള കുഴൽക്കിണറുകൾ നിർമ്മിക്കണമെങ്കിൽ ഭൂഗർഭജല വകുപ്പിന്‍റെ അനുമതി ആവശ്യമാണ്. എന്നാൽ ഇവ പലപ്പോഴും പാലിക്കപ്പെടുന്നില്ല. ഹൈറേഞ്ചിലെ ഏല തോട്ടങ്ങൾ കേന്ദ്രീകരിച്ച് ഒരു ദിവസം അമ്പതിലധികം കുഴൽ കിണറുകൾ നിർമ്മിക്കുന്നുണ്ട്. ഭൂകമ്പ സാധ്യതാ മേഖലകളിലും പരിസ്ഥിതി ലോല പ്രദേശങ്ങളിലും വ്യാപകമാകുന്ന കുഴൽക്കിണർ നിർമ്മാണം നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടം ശ്രമിക്കണമെന്ന ആവശ്യം ഉയരുന്നു.