ഇടുക്കി: അവസാന ആഗ്രഹം പോലെ തന്നെ പി.ടി തോമസിന് അമ്മയോടൊപ്പം അന്ത്യവിശ്രമം. നൂറുകണക്കിന് പാർട്ടി പ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ പി.ടിയുടെ ചിതാഭസ്‌മം ഉപ്പുതോട് സെന്‍റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിലെ അമ്മയുടെ കല്ലറയില്‍ അടക്കം ചെയ്‌തു.
പി.ടി തോമസിന്‍റെ ചിതാഭസ്‌മം വഹിച്ചുകൊണ്ടുളള സ്‌മൃതിയാത്ര കൊച്ചി പാലാരിവട്ടത്തെ വീട്ടില്‍ നിന്നാണ് തുടങ്ങിയത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ സാന്നിധ്യത്തില്‍ കെപിസിസി വൈസ് പ്രസിഡന്‍റ് വി.പി സജീന്ദ്രന്‍ ചിതാഭസ്‌മം ഏറ്റുവാങ്ങി. ഉച്ചയോടെ നേര്യമംഗലത്ത് വച്ച് ഇടുക്കി ഡിസിസിയുടെ നേതൃത്വത്തില്‍ ചിതാഭസ്‌മം ഏറ്റുവാങ്ങി. നിരവധി സ്ഥലങ്ങളിൽ നൂറുകണക്കിന് പാർട്ടി പ്രവർത്തകർ പ്രിയപ്പെട്ട പി.ടിക്ക് ആദരവ് അർപ്പിച്ചു.
തുടർന്ന് പി.ടിയുടെ അന്ത്യാഭിലാഷം അനുസരിച്ച് ഉപ്പുതോട് സെന്‍റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിലെ അമ്മയുടെ കല്ലറയില്‍ ചിതാഭസ്‌മം അടക്കം ചെയ്‌തു. ഉപ്പുതോട് സെന്‍റ് തോമസ് പള്ളിയുടെ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പൊതുജനങ്ങള്‍ക്ക് ആദരം അര്‍പ്പിക്കാൻ സൗകര്യം ഏർപ്പെടുത്തി. ചിതാഭസ്‌മം അമ്മയുടെ കല്ലറയില്‍ അടക്കം ചെയ്യുന്നതിന് ഇടുക്കി രൂപത മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ കെ ബാബു, മാത്യു കുഴൽനാടൻ, ഡിസിസി പ്രസിഡൻ്റ് സി.പി മാത്യു, കെപിസിസി ജനറൽ സെക്രട്ടറി എസ് അശോകൻ തുടങ്ങി നിരവധി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങുകൾക്ക് ശേഷം ഉപ്പുതോട്ടിൽ പിടി സ്‌മൃതി സംഗമം നടന്നു.
Also read: വെളുത്ത കാര്‍ മാറ്റി; മുഖ്യമന്ത്രിയുടെ യാത്ര ഇനി കറുത്ത കാറില്‍