ഇടുക്കി : മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രവർത്തക കണ്‍വെന്‍ഷന്‍. ലീഗിനെ ക്ഷണിച്ച വിഷയത്തിൽ സിപിഎമ്മിനെയും കോൺഗ്രസ് നേതാക്കൾ കടന്നാക്രമിച്ചു. തൊടുപുഴയിൽ നടന്ന കൺവെൻഷൻ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്‌തു.
പിണറായി വിജയൻ ഏകാധിപതിയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ പറഞ്ഞു. പണം എന്നതിനപ്പുറം മറ്റൊരു ലക്ഷ്യം പിണറായിക്കില്ല. കുടുംബത്തിനും അടുപ്പക്കാർക്കും വേണ്ടി കോടികളാണ് പിണറായി സമ്പാദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മണ്ഡലം - ബ്ലോക്ക് തല ഭാരവാഹികളുടെ ലിസ്റ്റ് കൈമാറാൻ വൈകുന്നതിൽ ജില്ലാ നേതൃത്വത്തിനെതിരെ കെപിസിസി പ്രസിഡന്‍റ് രൂക്ഷ വിമർശനമാണ് ഉയർത്തിയത്.
പിണറായി ഭരണം അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞതാണെന്നും കേരളത്തിലെ രൂക്ഷമായ വിലക്കയറ്റം മൂലം ജനജീവിതം ദുസ്സഹമായതായും മുഖ്യ പ്രഭാഷണം നടത്തിയ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ജില്ലയിലെ എല്ലാ മേഖലകളിൽ നിന്നുമുള്ള നൂറ് കണക്കിന് പ്രവർത്തകർ കൺവെൻഷനിൽ പങ്കെടുത്തു. ഡിസിസി പ്രസിഡന്‍റ് സിപി മാത്യു അദ്ധ്യക്ഷനായി.
സര്‍ക്കാരിനെതിരെ കെ സുധാകരന്‍ : മുഖ്യമന്ത്രിക്ക് തലയ്ക്ക് അസുഖമുണ്ടോയെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. കേരളം കടക്കെണിയിലായിരിക്കെ കോടികൾ മുടക്കി കേരളീയം നടത്തുന്നതിനെതിരെയാണ് വിമര്‍ശനം. ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് പിണറായി. ഇതുപോലെ പണക്കൊതിയനായ മുഖ്യമന്ത്രി രാജ്യത്ത് ഉണ്ടായിട്ടില്ലെന്നും കെപിസിസി പ്രസിഡന്‍റ് കോട്ടയത്ത് പറഞ്ഞു.
കേരളീയത്തിനെതിരെ വിഡി സതീശന്‍ : ദാരിദ്ര്യം മറയ്ക്കാനായുള്ള ഉണക്കാനിട്ട പട്ടുകോണകമാണ് കേരളീയം എന്നും ഗവർണർ-സർക്കാർ പോര് മാധ്യമങ്ങളെയും ജനങ്ങളെയും കബളിപ്പിക്കാനുള്ള നാടകമാണെന്നും വിഡി സതീശന്‍. പത്തനംതിട്ട കോൺഗ്രസ് പ്രവർത്തക കൺവെൻഷനിൽ മുഖ്യ പ്രഭാഷണത്തിലാണ് കേരളീയം പരിപാടിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചത്. ദാരിദ്ര്യമാണ്, അഞ്ചുപൈസയില്ല, പക്ഷേ അത് മറയ്ക്കാന്‍ വേണ്ടി പുരപ്പുരത്ത് പട്ടുകോണകം ഉണക്കാനിട്ടതുപോലെയാണ് കേരളീയം നടത്തുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു. കേരളീയത്തിന് 75 കോടിയോളം വരും.
കുഞ്ഞുങ്ങള്‍ക്ക് ഉച്ചയൂണിന് പണം കൊടുക്കാനില്ലാത്ത സര്‍ക്കാരാണ് ഈ ആര്‍ഭാടം കാണിക്കുന്നത്. മാധ്യമങ്ങളെയും ജനങ്ങളെയും കബളിപ്പിക്കാനുള്ള നാടകമാണ് ഗവർണർ-സർക്കാർ പോരെന്നും വിഡി സതീശൻ പത്തനംതിട്ടയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ അന്തര്‍ധാരയുണ്ട്. അതിന്‍റെ ഇടനിലക്കാർ ബിജെപി നേതാക്കളാണെന്നും അദ്ദേഹം ആരോപിച്ചു.