ഇടുക്കി: അടിമാലി താലൂക്കാശുപത്രിയിൽ കൊവിഡ് രോഗിക്ക് ഐസിയു ആംബുലൻസ് വിട്ടു നൽകിയില്ലെന്ന് ആരോപണം. സ്വകാര്യ ആംബുലൻസുകാരെ സഹായിക്കുവാൻ ആശുപത്രി അധികൃതർ കൂട്ടുനിൽക്കുന്നതായി എച്ച് എം സി അംഗം കെ. എം ഷാജി ആരോപിച്ചു. അടിമാലി സ്വദേശി സന്തോഷിനാണ് ആശുപത്രി അധികൃതരുടെ അനാസ്ഥ നേരിടേണ്ടി വന്നതെന്നാണ് ആരോപണം ഉയരുന്നത്.
ആശുപത്രിക്കെതിരെയുള്ള പരാതി
കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഓക്‌സിജന്‍റെ അളവ് കുറയുകയും വിദഗ്ധ ചികിത്സയ്ക്കായി കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്ന് നിർദേശിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് ആശുപത്രിയുടെ ഐസിയു ആംബുലൻസിനായി സഹായം തേടിയത്.
ഒന്നര മണിക്കൂറോളം ആംബുലൻസിനായി കാത്ത് നിന്നുവെന്നും വിവരമറിഞ്ഞ് മാധ്യമപ്രവർത്തകരും രാഷ്ട്രീയ പ്രതിനിധികളും എത്തിയപ്പോഴേക്കും ആംബുലൻസും മറ്റ് സൗകര്യങ്ങളും അധികൃതർ തന്നെ റെഡിയാക്കിയെന്നും പരാതിക്കാർ പറയുന്നു.
സ്വകാര്യ ആംബുലൻസുകാരെ സഹായിക്കാനെന്ന് ആരോപണം
ആശുപത്രിക്കെതിരെ ആരോപണവുമായി അടിമാലി താലൂക്ക് ആശുപത്രി എച്ച്.എം.സി അംഗം കെ എം ഷാജി രംഗത്തെത്തി. സ്വകാര്യ ആംബുലൻസുകാരെ സഹായിക്കുവാൻ അടിമാലി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കൊവിഡ് വാക്സിൻ കൊടുക്കുവാവെന്ന വ്യാജേന താലൂക്ക് ആശുപത്രിയിലെ രണ്ട് ആംബുലൻസുകൾ രാവിലെ മുതൽ വൈകിട്ട് വരെ വാക്സിനേഷൻ സെന്‍ററിൽ ഇടുകയാണെന്ന് കെ എം ഷാജി ആരോപിച്ചു.
മുൻ എംഎൽഎ എസ് രാജേന്ദ്രൻ പ്രാദേശിക വികസന ഫണ്ടിൽ നിന്നുമാണ് ആശുപത്രിക്ക് ഐസിയു ആംബുലൻസ് അനുവദിച്ചത്. മേഖലയിലെ പാവപ്പെട്ടവർക്കും ആദിവാസി വിഭാഗത്തിൽ പെട്ടവർക്കും പൂർണമായി പ്രയോജനപ്പെടുത്തുവാനാണ് ഐസിയു ആംബുലൻസ് അനുവദിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ഇത്തരം നിലപാടുകളിൽ നിന്ന് ഉടൻ പിന്മാറണമെന്നും അനാസ്ഥ കാണിച്ച ആശുപത്രി അധികൃതർക്കെതിരെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നുമാണ് പ്രദേശത്തെ പൊതുജനങ്ങളുടെ ആവശ്യം.