ഇടുക്കി: കെഎസ്ഇബിയുടെ ഭൂമി കയ്യേറി പന്നിയാർകുട്ടി സെന്‍റ് മേരീസ് പള്ളി അനധികൃതമായി നിർമിച്ചിരുന്ന കപ്പേള പൊളിച്ചുനീക്കി. ജില്ലാ കലക്ടറുടെ നിർദേശത്തെ തുടര്‍ന്നാണ് കപ്പേള പൊളിച്ച് നീക്കിയത്. പള്ളി കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിലാണ് നിര്‍മാണം പൊളിച്ചുനീക്കിയത്.
കഴിഞ്ഞ ഒന്നര വർഷക്കാലത്തിലധികമായി നിലനിന്നിരുന്ന വിവാദത്തിനാണ് റവന്യൂ വകുപ്പിന്‍റെ കർശന നടപടിയിലൂടെ പരിഹാരമായത്. പന്നിയാർകുട്ടി സെന്‍റ് മേരീസ് പള്ളിയുടെ നേതൃത്വത്തിൽ മലകയറ്റം നടത്തിയിരുന്നതിനാല്‍ ഇവിടെ കുരിശ് സ്ഥാപിച്ചിരുന്നു. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് കുരിശ് മാറ്റി സ്ഥാപിക്കുന്നതിന് പഞ്ചായത്ത് നിർദേശം നൽകിയിരുന്നു. കുരിശ് മാറ്റി സ്ഥാപിക്കുന്നതിന് പകരം സമീപത്തെ കെഎസ്ഇബി ഭൂമി കയ്യേറി ഇവിടെ കപ്പേള നിർമിക്കുകയായിരുന്നു.
നിർമാണത്തിനെതിരെ ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തുകയും വിവിധ വകുപ്പുകൾക്ക് പരാതി നൽകുകയും ചെയ്തു. ഇതേ തുടർന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ പള്ളി കമ്മിറ്റി ഭാരവാഹികളുടെയും ഹിന്ദു സംഘടനാ ഭാരവാഹികളുടെയും യോഗം ചേര്‍ന്നു. കെഎസ്ഇബിയുടെ ഭൂമിയിലാണ് അനധികൃതമായി കപ്പേള നിർമ്മിച്ചിരിക്കുന്നതെന്നും സർക്കാർ ഭൂമിയിൽ ഇത്തരം കയ്യേറ്റങ്ങൾ അനുവദിക്കാൻ കഴിയില്ലെന്നും കലക്ടര്‍ എച്ച്. ദിനേശ് വ്യക്തമാക്കി. അതിനാൽ പള്ളി കമ്മിറ്റി ഭാരവാഹികൾ രണ്ട് ദിവസത്തിനുള്ളിൽ കപ്പേള പൊളിച്ചുനീക്കണമെന്നും കലക്ടർ ഉത്തരവിട്ടു.
പൊളിച്ചു നീക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ക്രിമിനൽ കേസ് അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് കലക്ടർ മുന്നറിയിപ്പ് നൽകിയിരുന്നു. തുടര്‍ന്നാണ് പള്ളി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി കപ്പേള പൊളിച്ച് നീക്കിയത്. എന്നാൽ കെഎസ്ഇബി ഭൂമിയിൽ കെഎസ്ഇബി ജീവനക്കാരൻ നടത്തിയിരിക്കുന്ന നിർമാണത്തിനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.