ഇടുക്കി: പാല്‍ ഉത്പാദനത്തില്‍ കേരളം വൈകാതെ സ്വയം പര്യാപ്തതയിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടപ്പ് സാമ്പത്തിക വര്‍ഷം 25 ഗ്രാമ പഞ്ചായത്തുകളില്‍ കൂടി ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കും. ഓരോ പഞ്ചായത്തിനും 50 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിക്കുക. പന്ത്രണ്ടരക്കോടി രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്. ദിവസവും 87 ലക്ഷം ലിറ്റര്‍ പാല്‍ സംസ്ഥാനത്താവശ്യമുണ്ട്. ഇതില്‍ 82 ലക്ഷം ലിറ്റര്‍ പാല്‍ കേരളത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് അഭിമാനകരമായ നേട്ടമാണ്. ഉരുക്കളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. പ്രളയവും ദുരന്തങ്ങളും മഹാമാരിയും സംഭവിച്ചില്ലായിരുന്നെങ്കില്‍ കേരളമിപ്പോള്‍ പാലുത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുമായിരുന്നു. പാല്‍ സംഭരണം, ശീതീകരണം, വിതരണം തുടങ്ങിയവക്കായി ഹൈജീന്‍ മില്‍ക്ക് കളക്ഷന്‍ മുറികള്‍ വേണം. ഇതിനായി 294 ക്ഷീരസംഘങ്ങള്‍ക്ക് ധനസഹായം അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ക്ഷീര വികസന വകുപ്പ് മന്ത്രി കെ രാജു ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ക്ഷീരമേഖലയുടെ സ്വയം പര്യാപ്തതക്കായി സര്‍ക്കാര്‍ വിവിധ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്നും, പുത്തന്‍ ഉണര്‍വ്വ് കൈവരിക്കാനുള്ള ശ്രമമാണ് നടന്നു വരുന്നതെന്നും കെ രാജു പറഞ്ഞു. ചക്കുപള്ളത്ത് നടത്തി ഗ്രാമ പഞ്ചായത്ത്തല ഉദ്ഘാടനം അണക്കര സാന്തോം പാരിഷ് ഹാളില്‍ ഇ എസ് ബിജിമോള്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ചക്കുപള്ളം ഗ്രാമപഞ്ചായത്തില്‍ ക്ഷീര കര്‍ഷകര്‍ക്കായി വെറ്റിനറി ട്രെയിനിംഗ് സെന്റര്‍ നിര്‍മ്മിക്കുമെന്ന് ബിജിമോള്‍ എം എല്‍ എ അറിയിച്ചു.