ഇടുക്കി: ഇടുക്കിയിലെ കള്ളിമാലി കരുണാഭവനിലെ കുരുന്നുകള്‍ക്ക് ശിശുദിന സമ്മാനമായി പുത്തനുടുപ്പും പുസ്തകവും നൽകി സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പൂര്‍വ്വ വിദ്യാര്‍ത്ഥികൾ. ശിശുദിനത്തിൻ്റെ ഭാഗമായി രാജാക്കാട് എന്‍ആര്‍ സിറ്റി സ്‌കൂളിലെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് പുത്തനുടുപ്പും പുസ്തകങ്ങളും നിത്യോപയോഗ സാധനങ്ങളും ഉൾപ്പെടെയുള്ള ശിശുദിന സമ്മാനം എത്തിച്ച് നല്‍കിയത്.
2010 ൽ ആരംഭിച്ച എസ്‌പിസി പദ്ധതി പ്രകാരം ഇതുവരെ ഒരു ലക്ഷത്തിലധികം കേഡറ്റുകളാണ് പരിശീലനം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇവരുടെ സേവന സന്നദ്ധതയും സാമൂഹ്യ പ്രതിബദ്ധതയും നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റ് വോളണ്ടിയർ കോർപ്‌സ് എന്ന സന്നദ്ധസംഘടന രൂപീകരിക്കുകയും ഇവരുടെ നേതൃത്വത്തിൽ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ഒരുക്കുന്നതിനായി 'പുത്തനുടുപ്പും പുസ്തകവും' എന്ന പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്‍റെ ഭാഗമായിട്ടാണ് കേഡറ്റുകളുടെ നേതൃത്വത്തില്‍ കരുണാഭവനിലെ കുരുന്നുകള്‍ക്ക് പഠനോപകരണങ്ങളും നിത്യോപയോഗ സാധനങ്ങളുമടക്കം എത്തിച്ച് നല്‍കിയത്.
എസ്‌പിസി ജില്ലാ നോഡല്‍ ഓഫീസര്‍.എസ്.ആർ സുരേഷ് ബാബു, രാജാക്കാട് സി.ഐ എച്ച്.എല്‍ ഹണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ പഠനോപകരണങ്ങള്‍ കരുണാഭവന്‍ മാനേജിംഗ് ട്രസ്റ്റി ട്രീസ തങ്കച്ചന് കൈമാറിയത്. ഐജിയുടെയും ഇലക്ഷന്‍ കമ്മീഷന്‍റെയും പ്രത്യേക അനുമതിയോടെയാണ് സംസ്ഥാനത്തുടനീളം എസ്‌പിസി ശിശുദിനത്തോട് അനുബന്ധിച്ച് പരിപാടി സംഘടിപ്പിക്കുന്നത്.